ബംഗാളിൽ അസാധാരണ നടപടി: പരസ്യ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ

single-img
15 May 2019

സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. മെയ് 19ന് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് മണ്ഡലങ്ങളിലെ പ്രചാരണം ഒരു ദിവസം വെട്ടിക്കുറച്ചു.

ചൊവ്വാഴ്ച വൈകിട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ സംഘർഷം ഉണ്ടായതിനെ തുടർന്നാണു നടപടി. 324 വകുപ്പ് പ്രകാരമാണ് മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. 

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാത്രി പത്ത് മണിക്കുശേഷം പ്രചാരണം നടത്താൻ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നോര്‍ത്ത്, സൗത്ത് കൊൽക്കത്ത, ഡയമണ്ട് ഹാർബർ, ജാദവ്പൂർ, മഥുരാപൂർ, ജയ്നഗർ, ബസിർഹത് തുടങ്ങി 9 സീറ്റുകളിലേക്കാണ് അവസാന ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബംഗാളിലെ സംഘർഷത്തിനു പിന്നാലെ ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി ഉന്നയിച്ചിരുന്നു.

അക്രമത്തിൽ ബംഗാളി പണ്ഡിതൻ ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ചിലർ തകർത്തു. ഇതിൽ പ്രതിഷേധിച്ച് ബംഗാളിലെ തൃണമൂൽ നേതാക്കൾ സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റേതാക്കിയിട്ടുണ്ട്. ബിജെപി അക്രമികളുടെ നീക്കം വലിയ നാണക്കേടാണെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രതികരിച്ചു.