‘നാം മുന്നോട്ട്’: കൈരളി ചാനലിന് നൽകിയതിൽ ഗൂഢാലോചനയും അഴിമതിയുമെന്ന് വി.മുരളീധരൻ

single-img
15 May 2019

മുഖ്യമന്ത്രിയുടെ ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിന്റെ നിർമ്മാണം സി ഡിറ്റിൽ നിന്ന് മാറ്റി കൈരളി ചാനലിന് കൈമാറിയതിന് പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ടെന്ന് വി.മുരളീധരൻ എം.പി. ഇക്കാര്യത്തിൽ പിആർഡി ഡയറക്ടർ കള്ളം പറയുകയാണ്. സിഡിറ്റിന്റെ രജിസ്ട്രാർ സിപിഎം നേതാവ് ടി.എൻ സീമയുടെ ഭർത്താവും പാർട്ടി മെമ്പറുമായ ജി.ജയരാജാണ്.

അതിനർത്ഥം സിഡിറ്റിന്റെ ടെൻഡറും കൈരളിയുടെ ടെൻഡറും ഒരേ സ്ഥലത്തുണ്ടാക്കുന്നു എന്നതാണെന്നും പരിപാടി കൈരളിക്ക് നൽകാനായി സിഡിറ്റ് ടെൻഡർ തുക ബോധപൂർവ്വം കൈരളിയേക്കാൾ കൂട്ടി വച്ചതാണെന്നും വി.മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് 

PRD ഡയറക്ടർ കള്ളം പറയുന്നു…!
സിഡിറ്റ് നിർമ്മിച്ചു കൊണ്ടിരുന്ന ‘നാം മുന്നോട്ട് ‘ എന്ന പ്രോഗ്രാം കൈരളിയ്ക്ക് നൽകിയത് പ്രതിഷേധം ഉയർന്നതിന് പിന്നാലെ PRD ഡയറക്ടർ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നു. കൈരളിയ്ക്കു് കൊടുത്താൽ സർക്കാരിന് ഒരോ എപിസോഡിലും ഒരു ലക്ഷം രൂപ ലാഭം എന്നു പറയുന്നത് തന്നെ അബദ്ധമാണ്. PRD യ്ക്ക് കീഴിലുള്ള CDIT കൈരളിയേക്കാൾ വലിയ തുക ചിലവാക്കുന്നു എന്നതല്ലേ അർത്ഥം? മുഖ്യമന്ത്രി ചെയർമാനായ സർക്കാർ സ്ഥാപനമായ CDit േെന്റ പ്രോഗ്രാം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് MD ആയിട്ടുള്ള സ്വകാര്യ ചാനലായ കൈരളിയ്ക്ക് കൊടുക്കുന്നതിന് പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സിഡിറ്റിന്റെ രജിസ്ട്രാർ CPM നേതാവ് ടി. എൻ. സീമയുടെ ഭർത്താവും പാർട്ടി മെമ്പറുമായ ജി. ജയരാജാണ്.

അതിനർത്ഥം കൈരളിയുടെ ടെൻഡറും സിഡിറ്റിന്റെ ടെൻഡറും ഒരേ ആസ്ഥാനത്ത് ഉണ്ടാക്കുന്നു എന്നതാണ്. പ്രോഗ്രാം കൈരളിക്ക് നൽകാനായി സിഡിറ്റിന്റെ ടെൻഡർ തുക കൈരളിയുടെ ടെൻഡർ തുകയേക്കാൾ ബോധപൂർവ്വം കൂട്ടി വച്ചതാണ്.
PRD ഡയറക്ടർ പറയുന്ന പോലെ എല്ലാം PRD യാണ് ചെയ്യുന്നതെങ്കിൽ പിന്നെന്തിന് കൈരളി ? സിഡിറ്റിന്റെ ഫ്‌ലോറിൽ തിരക്കാണെങ്കിൽ വേറെയെത്ര ഫ്‌ലോർ ഇവിടെ ഉണ്ട്? സർക്കാർ ഉടമസ്ഥതയിൽ ചിത്രാഞ്ജലി ഫ്‌ലോർ ഉണ്ടല്ലോ. ഭരണം അവസാനിക്കുന്നതിന് മുൻപ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാനുള്ള തിടുക്കമാണ് സർക്കാരിന്റത്.

സിഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പല രഹസ്യ സ്വഭാവമുള്ളതും അതീവ ജാഗ്രത വേണ്ട പല സേവനങ്ങളും സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള തീരുമാനങ്ങളുടെ തുടർച്ചയാണ് നാം മുന്നോട്ട് എന്ന പ്രോഗ്രാമിന്റ വിൽപ്പനയും. കേരളത്തിന്റെ പുനർനിർമ്മാണവും ഇനി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കത്തിനാണോ ഇനി മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
#SaveCdit