ശ്രീലങ്കയിൽ മുസ്ലീം വിരുദ്ധ കലാപം രൂക്ഷമായി; ഒരാള്‍ കൊല്ലപ്പെട്ടു; രണ്ട് പള്ളികള്‍ അക്രമികള്‍ തകര്‍ത്തു

single-img
15 May 2019

മുസ്ലീം വിരുദ്ധ കലാപം രൂക്ഷമായ ശ്രീലങ്കയിൽ ഒരാള്‍ കൊല്ലപ്പെട്ടു. കുത്തേറ്റ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 42കാരനാണ് കൊല്ലപ്പെട്ടത്. പുട്ടാലം ജില്ലാ സ്വദേശി മുഹമ്മദ് അമീർ മുഹമ്മദ് സാലി എന്നയാളാണ് മരിച്ചത്. മരപ്പണിക്കാരാനായ ഇയാളെ കൂട്ടമായെത്തിയ സംഘം കൂർത്ത ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ശ്രീലങ്കയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന മരണമാണിത്.

അതിനിടെ വടക്കന്‍ കൊളംബോയില്‍ മുസ്‌ലിം ഉടമസ്ഥതയിലുള്ള ഫാക്ടറി തകര്‍ത്തശേഷം ഉള്ളിലുള്ളതെല്ലാം തീയിട്ട് നശിപ്പിച്ച് അക്രമികള്‍. പാസ്റ്റ ഫാക്ടറിയാണ് തകര്‍ത്തത്. അക്രമികള്‍ കത്തിക്കൊണ്ടിരിക്കുന്ന ടയര്‍ ഫാക്ടറിയ്ക്കുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ‘പുറത്ത് സുരക്ഷാ സേനയുണ്ടായിരുന്നു. എന്നാല്‍ കര്‍ഫ്യൂ സമയത്ത് നടന്ന ആക്രമണത്തെ അവര്‍ക്കു തടയാനായില്ല.’ ഡയമണ്ട് പാസ്റ്റ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥനായ അഷ്‌റഫ് ജിഫ്തി പറയുന്നു.

‘തീയണയ്ക്കാന്‍ പൊലീസും സുരക്ഷാ സേനയും ഒന്നും ചെയ്തില്ല’ എന്നും അദ്ദേഹം ആരോപിച്ചു. ‘കത്തിക്കൊണ്ടിരിക്കുന്ന ഫാക്ടറിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവേ മുസ്‌ലീങ്ങളായ മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.’ ജിഫ്തി പറഞ്ഞു.

മിനുവാങ്കോഡയിലെ ഒരു പളളിയ്ക്കുനേരെ കല്ലെറിയുകയും ചെയ്തിട്ടുണ്ട്. സായുധ സൈന്യവും പൊലീസും നോക്കി നില്‍ക്കേ കിന്യാമ നഗരത്തിലെ രണ്ട് പള്ളികള്‍ അക്രമികള്‍ തകര്‍ത്തു. ‘പള്ളിയ്ക്കു ചുറ്റും 2000ത്തോളം ആളുകളുണ്ടായിരുന്നു. ബാത്ത്‌റൂം ഫിറ്റിങ്‌സ് ഉള്‍പ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാം അവര്‍ തകര്‍ത്തു.’ പുരോഹിതനായ എം.ഐ.എം സിദ്ദിഖ് പറഞ്ഞു.

അതേസമയം സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ശ്രീലങ്കയിൽ പൊലീസും സൈന്യവും ചേർന്ന് ഒരുക്കിയിരിക്കുന്നത്. രാജ്യ വ്യാപകമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം രൂക്ഷമായ അക്രമികളെ ഒഴിവാക്കാൻ പൊലീസ് കണ്ണീര്‍ വാതകം അടക്കം പ്രയോഗിക്കുന്നുണ്ട്. പരമാവധി സേനയെ ഉപയോഗപ്പെടുത്തി അക്രമ സംഭവങ്ങൾ നിയന്ത്രിക്കണമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.

ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നടന്ന ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് ശ്രീലങ്കയിൽ മുസ്ലീം വിരുദ്ധ വികാരം ഉടലെടുത്തത്. മുസ്ലീം പള്ളികൾക്കും മുസ്ലീം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.