അദ്വാനി അനുഗ്രഹിച്ചു;പാർട്ടി വിടരുതെന്ന് പറഞ്ഞില്ല: ശത്രുഘ്നൻ സിൻഹ

single-img
15 May 2019

ബിജെപി വിട്ട് കോൺഗ്രസിലേയ്ക്ക് പോകുന്നതിനു മുന്നേ താൻ എൽ കെ അദ്വാനിയെ ചെന്ന് കണ്ടനുഗ്രഹം വാങ്ങിയിരുന്നുവെന്നും അദ്വാനി തന്നെ വിലക്കിയില്ലെന്നും ശത്രുഘ്നൻ സിൻഹ.

20 വര്‍ഷത്തെ സഹകരണത്തിനു ശേഷം പാര്‍ട്ടിവിടുന്ന കാര്യം പറഞ്ഞപ്പോള്‍ അദ്വാനിയുടെ കണ്ണുനിറഞ്ഞു. എന്നാല്‍ പോകരുതെന്ന് അദ്ദേഹം പറഞ്ഞില്ല. ശരി, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നു മാത്രമാണ് പറഞ്ഞത്” – എൻഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞു.

അദ്വാനി എന്നോട് അത് നന്നായെന്നാണ് പറഞ്ഞത്. എനിക്കറിയാം കൃത്യമായ പാതയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അദ്വാനിയുടെ അനുഗ്രഹവും എനിക്കുണ്ട്. അദ്വാനിയുടെ ബിജെപിയും മോദിയുടെ ബിജെപിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒന്നില്‍ ജനാധിപത്യമാണ് ഉള്ളത്. രണ്ടാമത്തേത് ഏകാധിപത്യമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാന്‍ അവര്‍ക്കറിയില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

വാജ്‌പേയിയുടെ കാലത്താണ് സിന്‍ഹ ബിജെപിയില്‍ ചേര്‍ന്നത്. മോദിയേയും ബിജെപിയെയും തുടര്‍ച്ചയായി വിമര്‍ശിച്ചതിനു പിന്നാലെ ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍നിന്ന് സിന്‍ഹയെ ഒഴിവാക്കി. ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസ് ക്യാംപിലെത്തിയത്. ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് സിന്‍ഹ പറഞ്ഞു. തൊഴിലില്ലായ്മയെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി പുല്‍വാമയെക്കുറിച്ചാണു മറുപടി പറയുന്നത്. ആളുകള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം ഉത്തരം പറയില്ല. മേയ് 23-നു ശേഷം മോദി പ്രധാനമന്ത്രിപദത്തില്‍ എത്തില്ലെന്നും സിന്‍ഹ പറഞ്ഞു.