ബിജെപിക്കെതിരേ ഇത്രയും അക്രമം വേറെങ്ങുമുണ്ടായിട്ടില്ല; സി.ആര്‍.പി.എഫ് ഉള്ളതുകൊണ്ട് ജീവന്‍ തിരിച്ചു കിട്ടി: അമിത് ഷാ

single-img
15 May 2019

പശ്ചിമ ബംഗാളിലെ റോഡ്‌ഷോക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ. ബി.ജെ.പി പുറത്തു നിന്ന് ആളെയിറക്കി അക്രമങ്ങള്‍ നടത്തിയെന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്. എന്നാല്‍ അക്രമം നടത്തിയത് ബി.ജെ.പിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി.

ബി.ജെ.പിയാണ് അക്രമങ്ങള്‍ നടത്തിയതെന്നാണ് മമതാ ബാനര്‍ജി പറയുന്നത്. തൃണമൂലിനെ പോലെ പശ്ചിമ ബംഗാളിലെ 42 സീറ്റുകളില്‍ മാത്രമല്ല, ഞങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മത്‌സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ആറു ഘട്ടങ്ങളിലും ബംഗാളിലൊഴികെ മറ്റെവിടെയും ഒരു അക്രമസംഭവങ്ങളും നടന്നിട്ടില്ല. അതിനര്‍ഥം ബംഗാളിലെ ആക്രമണങ്ങള്‍ക്കുത്തരവാദി തൃണമൂലാണെന്നാണ് – അമിത് ഷാ വിമര്‍ശിച്ചു.

ബംഗാളിലേത് കലാപമല്ല, ആക്രമണമാണ്. മമതാ ബാനര്‍ജിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണം. സി.ആര്‍.പി.എഫ് ഇല്ലായിരുന്നുവെങ്കില്‍, ജീവനോടെ തിരിച്ചെത്തില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.