സൗദിയില്‍ പ്രവാസികള്‍ക്ക് പ്രിവിലേജ് ഇഖാമ പദ്ധതിക്ക് അംഗീകാരമായി

single-img
15 May 2019

സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍കാര്‍ഡ് സ്വഭാവത്തിലുള്ള പ്രത്യേക പ്രിവിലേജ് ഇഖാമ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരമായി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.

പ്രത്യേക ആനുകൂല്യങ്ങളുള്ള പുതിയ തരം ഇഖാമ അഥവാ താമസ രേഖക്കായി പുതിയ കേന്ദ്രം സ്ഥാപിക്കും. ഈ കേന്ദ്രമാകും പ്രത്യേക ഇഖാമകള്‍ക്കുള്ള ഫീസടക്കം നിശ്ചയിക്കുക. പുതിയ പദ്ധതി നടപ്പാക്കാന്‍ പ്രിവിലേജ്ഡ് ഇഖാമ സെന്റര്‍ സ്ഥാപിക്കും.

യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനു സമാനമായിരിക്കും സൗദിയില്‍ നടപ്പാക്കുന്ന പ്രിവിലേജ് ഇഖാമ പദ്ധതിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍. അടുത്ത 90 ദിവസത്തിനകം എന്തൊക്കെ നിബന്ധനകളാണ് ഇഖാമ നല്‍കുന്നതിനുവേണ്ടതെന്നും അപേക്ഷകന്റെ സാമ്പത്തിക നില സംബന്ധമായ വിവരങ്ങളും എത്ര ഫീസ് ഈടാക്കണമെന്നതടക്കമുള്ളവ പുതുതായി സ്ഥാപിക്കുന്ന കേന്ദ്രമായിരിക്കും തീരുമാനമെടുക്കുക. അതോടെ പ്രിവിലേജ് ഇഖാമ പദ്ധതിക്കുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വ്യക്തമാകും.

പ്രിവിലേജ് ഇഖാമയുമായി ബന്ധപ്പെട്ട കേന്ദ്രം, മന്ത്രിസഭ രൂപീകരിച്ച പ്രതേൃക ഉപസമിതിയുമായി കൂടിയാലോചിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗണ്‍സില്‍ പുതിയ ഇഖാമ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.

ശുറ കൗണ്‍സില്‍ അംഗീകാര വാര്‍ത്ത പുറത്തുവന്നതോടെ മലയാളികളടക്കമുള്ള നിരവധിപേര്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ക്കായി കാതോര്‍ത്തിരിക്കാന്‍ തുടങ്ങിയിരുന്നു. സൗദിയുടെ സമ്പദ്ഘടനക്ക് മുതല്‍ കൂട്ടാകുംവിധം ധാരാളം വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.