സൗദിയിലെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോൺ ആക്രമണം; പിന്നാലെ ഓയിൽ വിലയിൽ വർദ്ധന

single-img
15 May 2019

സൗദി അറേബ്യയുടെ പ്രധാന ഓയിൽ പൈപ്‍ലൈനിലെ രണ്ട് പമ്പിങ് സ്റ്റേഷനുകൾക്കുനേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയാണ് എണ്ണ സമ്പുഷ്ടമായ കിഴക്കൻ പ്രവിശ്യയിൽനിന്നു ചെങ്കടലിലെ യാൻബുവരെയുള്ള പൈപ്‍ലൈനിനു നേരെ ആക്രമണമുണ്ടായതെന്നു സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു. ആക്രമണത്തിനു പിന്നാലെ പമ്പിങ് നിർത്തിവച്ചു.

ഭീകരനീക്കമായാണ് ആക്രമണത്തെ മന്ത്രി വിശേഷിപ്പിച്ചതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അറേബ്യൻ ഗൾഫിലുണ്ടായ അട്ടിമറി നീക്കമാണിത്. രാജ്യത്തെ മാത്രമല്ല, ആഗോള സമ്പദ്‍വ്യവസ്ഥയിൽ എണ്ണ വിതരണത്തിന്റെ സുരക്ഷയെയുമാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഭീകരരെ നേരിടേണ്ടത് പ്രധാനമാണെന്നാണ് ഈ ആക്രമണം കാണിക്കുന്നത്. ഇറാൻ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി സേനയും ഇതിൽപെടും– മന്ത്രി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, സൗദിയിലെ ആക്രമണത്തെ തുടർന്ന് എണ്ണവില ഉയർന്നു. യു എസിൽ എണ്ണവില 1.4% വർദ്ധിച്ചതായി സൗദി അരാംകോ സി എൻ എന്നിനോട് പറഞ്ഞു. സൗദി ഉൾപ്പെടെയുള്ള മേഖലകളിൽ പുതുതായി രൂപം കൊണ്ട ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഇത്.

അതിനിടെ എണ്ണ ഉത്പാദനത്തിലെ വമ്പൻമാരായ ആരാംകോ പൈപ്‍ലൈൻ വഴിയുള്ള പമ്പിങ് നിർത്തിവച്ചു. തകരാറുകൾ പരിശോധിച്ചു പരിഹരിച്ചു വരികയാണെന്നു കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 1,200 കിലോമീറ്ററാണ് പൈപ് ലൈനിന്റെ നീളം. ഒരു ദിവസം അഞ്ച് മില്യൻ ബാരൽ വരെയാണ് പൈപ്‍ലൈനിന്റെ പരമാവധി ശേഷി.