സൌദിയിൽ ജോലി ചെയ്യാൻ ഇനിമുതൽ സ്പോൺസർ വേണ്ട: പുതിയതരം ഇഖാമ 90 ദിവസത്തിനകം പ്രാബല്യത്തിൽ

single-img
15 May 2019

സ്പോൺസർഷിപ് (കഫീൽ)‌ ഇല്ലാതെ വിദേശികൾക്ക്‌ തൊഴിലെടുക്കാനും രാജ്യത്ത്‌ തങ്ങുന്നത്‌ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുന്നതുമായ പുതിയ തരം ഇഖാമയ്ക്ക്‌ സൗദി മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുമെന്ന് ഉറപ്പായി. ചൊവ്വാഴ്ച ചേർന്ന മന്ത്രി സഭയാണ്‌ ‘പ്രിവിലേജ്‌ഡ് ഇഖാമ’ പ്രാവർത്തികമാക്കുന്നതിനുള്ള നടപടികൾ കൈകൊണ്ടത്‌.

കഴിഞ്ഞ ദിവസം സൗദി ശൂറാ കൗൺസിൽ അംഗീകരിച്ചതോടെയാണ്‌ ഗ്രീൻ കാർഡ്‌ സ്വഭാത്തിലുള്ള പ്രിവിലേജ്‌ഡ് ഇഖാമ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്‌. ഇതു സംബന്ധിച്ച ക്രമീകരണങ്ങൾക്കും‌ നിയന്ത്രണങ്ങൾക്കും മന്ത്രിതല മേൽ നോട്ടത്തിൽ ഭരണപരവും സാമ്പത്തികവുമായ സ്വാതന്ത്ര്യമുള്ള ഉന്നത സമിതി പ്രവർത്തിക്കും. അപേക്ഷയുടെ രീതിയും പ്രാവർത്തികമാക്കുന്നതിന്റെ നടപടിക്രമങ്ങളും സംബന്ധിച്ച്‌ ഈ സമിതി ഉടൻ അറിയിക്കും.

കാബിനറ്റ്‌ അംഗീകരിച്ച പുതിയ ഇഖാമയുടെ പ്രാബല്യ നിയമാവലിയിൽ നിലവിൽ രാജ്യത്തെ താമസ രേഖയിൽ തുടരുന്നവർക്കും പ്രിവിലേജ്‌ ഇഖാമയിൽ പുതുതായി വരുന്ന വിദേശികൾക്കും‌ ബാധകമാകുന്ന നിബന്ധനകളും നടപടിക്രമങ്ങളും അടങ്ങിയിട്ടുണ്ട്‌.

  • നിലവില്‍ സ്പോണ്‍സര്‍ ഉള്ളവര്‍ക്കാണ് സൗദിയില്‍ ഇഖാമ അഥവാ താമസ രേഖ അനുവദിക്കുന്നത്. സ്പോണ്‍സറുടെ ആവശ്യമില്ലാത്ത പ്രത്യേക താമസരേഖയാണ് പ്രിവിലജ്ഡ് ഇഖാമകള്‍.
  • പ്രത്യേക ഇഖാമ സ്വന്തമാക്കുന്നവര്‍ക്ക് കുടുംബത്തോടൊപ്പം ബന്ധുക്കളേയും സൗദിയിലേക്ക് കൊണ്ടു വരാം.
  • പതിറ്റാണ്ടുകളായി സൗദിയില്‍ കുടുംബ സമേതം താമസിക്കുന്നവര്‍‌ക്ക് നേട്ടമാകും ഗ്രീന്‍ കാര്‍ഡ് സ്വഭാവത്തിലുള്ള ഇഖാമകള്‍.
  • ബിസിനസ് രംഗത്തുള്ളവരെ ഉദ്ദേശിച്ചാണ് ആദ്യ ഘട്ടത്തില്‍ ഇഖാമകള്‍‌ അനുവദിക്കുക. രാഷ്ട്രത്തിന്റെ സമ്പദ്ഘടനക്ക് മുതല്‍ കൂട്ടാകുമെന്ന് ബോധ്യപ്പെടുന്ന ധനസ്ഥിതിയും ബിസിനസ് വളര്‍ച്ചയുമുള്ളവര്‍ക്ക് എളുപ്പമാകും ഇഖാമ ലഭിക്കല്‍.
  • സ്പോണ്‍സര്‍മാരെ ലഭിക്കാതെ പ്രയാസപ്പെടുന്ന നിക്ഷേപകര്‍ക്കും കുടുംബത്തിനും പുതിയ തരം ഇഖാമകള്‍ നേട്ടമുണ്ടാക്കും.
  • ഗ്രീൻ കാർഡിന് സമാനമായ പ്രിവിലജ്ഡ് ഇഖാമ പെട്രോളിതര മേഖലാ വരുമാനം വർധിപ്പിക്കും.
  • രാജ്യത്തുള്ള വിദേശികള്‍ ഓരോ മാസവും ശമ്പളം നാട്ടിലേക്കയക്കുന്ന രീതിയാണ് നിലവില്‍. ഗ്രീന്‍ കാര്‍ഡ് അനുവദിച്ച് ബന്ധുക്കള്‍ക്കും രാജ്യത്തെത്താനായാല്‍ വിപണിയില്‍‌ പണമിറങ്ങും. ഇതോടെ വിദേശത്തേക്ക് പണമൊഴുകുന്നതും ബിനാമി ബിസിനസിനും തടയിടാനാകും.

സാമ്പത്തിക രംഗത്തെ വൈവിധ്യവൽകരണത്തിന്റെ ഭാഗമായി മൂന്നു വർഷം മുമ്പ്‌ സൗദി കിരീടാവകാശി സൽമാൻ ബിൻ മുഹമ്മദ്‌ മുന്നോട്ട്‌ വെച്ച ആശയമാണ്‌ ഉടൻ പ്രാവർത്തികമാകാൻ പോകുന്നത്‌. പ്രത്യേക ഫീസ്‌ ഈടാക്കി വൈദഗ്ധ്യമുള്ള വിദേശികൾക്കും നിക്ഷേപകർക്കും കൂടുതൽ ഉപകാരപ്രദമാകുന്ന പ്രിവിലേജ്‌ ഇഖാമയ്ക്ക്‌ ബിസിനസ്‌ രംഗത്തുള്ളവരിൽ നിന്ന് വൻ പിന്തുണയാണ്‌ ലഭിച്ചത്.