സെൻകുമാറിനെതിരെ 135 കേസുകൾ; ഐജി റിപ്പോർട്ട് നൽകി

single-img
15 May 2019

മുന്‍ ഡിജിപി ടിപി. സെന്‍കുമാറിനെതിരേ ശബരിമല പ്രക്ഷോഭകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്‌ 135 കേസുകൾ. അക്രമങ്ങളില്‍ സെന്‍കുമാറിനു നേരിട്ടു പങ്കില്ലെങ്കിലും ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌ത ശബരിമല കര്‍മസമിതിയുടെ നേതാവെന്ന നിലയില്‍ അദ്ദേഹവും പ്രതിയാണെന്ന്‌ ഐജി സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കി.

സെന്‍കുമാറും ഡോ കെഎസ്‌. രാധാകൃഷ്‌ണനും കര്‍മസമിതി നേതാക്കളാണ്‌. ഹര്‍ത്താലില്‍ അക്രമങ്ങളോ പൊതുസ്വത്തിനു നാശമോ ഉണ്ടായാല്‍ ആഹ്വാനം ചെയ്‌തവരുടെ പേരില്‍ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയാണ്‌ ഇവരുടെ കാര്യത്തില്‍ നടപ്പാക്കിയതെന്ന്‌ ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശവിധിയേത്തുടര്‍ന്നു ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്‌ത ഹര്‍ത്താലിലാണ്‌ അക്രമങ്ങളുണ്ടായത്‌.

തിരുവനന്തപുരം സിറ്റി-രണ്ട്‌, തിരുവനന്തപുരം റൂറല്‍-ഏഴ്‌, കൊല്ലം സിറ്റി-48, കൊല്ലം റൂറല്‍-24, പത്തനംതിട്ട-54 എന്നിങ്ങനെയാണു സെന്‍കുമാറിനും രാധാകൃഷ്‌ണനുമെതിരായ കേസുകളുടെ എണ്ണം. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട്‌ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന്‌ ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.

സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക്‌ അക്രമങ്ങളുമായി ബന്ധമുള്ളതിനു തെളിവില്ലെങ്കിലും ഹൈക്കോടതി വിധിപ്രകാരം അവര്‍ പ്രതികളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.