ബന്ധുക്കളും അയൽക്കാരും പൊലീസുമുൾപ്പെടെ നിരവധിപേർ എത്തിയിരുന്നെങ്കിലും കാണാത്ത ആത്മഹത്യാക്കുറിപ്പ് ഇന്നെങ്ങനെയെത്തി? കെെയക്ഷര പരിശോധനയ്ക്കു ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ്

single-img
15 May 2019

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ച ലേഖയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തിയത് സംബന്ധിച്ച് ദുരൂഹത. സംഭവത്തെ തുടർന്ന് ഭർത്താവിനെയും ബന്ധുക്കളെയും അറസ്‌റ്റ് ചെയ്‌തെങ്കിലും, കഴിഞ്ഞ ദിവസം സംഭവമുണ്ടായശേഷം ബന്ധുക്കളും അയൽക്കാരും പൊലീസുമുൾപ്പെടെ നിരവധിപേർ ഇവിടെ എത്തിയിരുന്നെങ്കിലും ആത്മഹത്യാക്കുറിപ്പ് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നുള്ളതാണ് ദുരൂഹതയുണർത്തുന്നത്.

ഇതിന് വ്യക്തമായ ഉത്തരം നൽകാൻ പൊലീസിനും കഴിഞ്ഞിട്ടില്ല. ഇപ്പോൾ ലഭിച്ചത് ജീവനൊടുക്കും മുമ്പ് ലേഖ എഴുതിയ കുറിപ്പെന്നാണ് കരുതുന്നത്. കയ്യക്ഷര പരിശോധനയിലൂടയേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ആത്മഹത്യാവിവരം പുറത്തായത് മുതൽ ചന്ദ്രനും അയാളുടെ അമ്മയും ബാങ്കിൽ നിന്നുള്ള ജപ്തി ഭീഷണിയാണ് കാരണമെന്നാണ് പൊലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയത്. ബാങ്കിൽ നിന്ന് ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നിരന്തരം വിളികളുണ്ടായതായും ഇന്നലെ മകൾ ജീവനൊടുക്കിയശേഷവും ബാങ്കിന്റെ അഭിഭാഷകൻ വിളിച്ച് ഭീഷണിപ്പെടുത്തിയതായുമാണ് ചന്ദ്രൻ അൽപ്പം മുമ്പുവരെ പറഞ്ഞിരുന്നു.

തുടക്കം മുതൽ ബാങ്കിനെതിരെ ഒരേ സ്വരത്തിൽ കുടുംബാംഗങ്ങൾ പറഞ്ഞിരുന്നതിനാൽ പൊലീസിനും മറ്റ് സംശയങ്ങൾ തോന്നിയിരുന്നില്ലെന്നും സൂചനകളുണ്ട്. മറ്റെന്തെങ്കിലും കാരണങ്ങൾ കൂടി സംഭവത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നതിനായി ബന്ധുക്കളായ കൂടുതൽ പേരിൽ നിന്ന് പൊലീസ് ഇന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.

സംഭവത്തിന്റെ തെളിവുകൾ ശേഖരിക്കാനായി ഫോറൻസിക് സംഘത്തിന്റെ കൂടി സഹായത്തോടെ ഇന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തിൽ ലേഖയുടെ ഭർത്താവ് ചന്ദ്രൻ രുദ്രൻ, ഇയാളുടെ മാതാവ് കൃഷ്ണമ്മ, സഹോദരി ശാന്ത , ഭർത്താവ് കാശിനാഥൻ എന്നിവരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തു.