കുടുംബപ്രശ്നത്തെ ബാങ്കിൻ്റെ ഭീഷണിയാക്കി ചന്ദ്രൻ; മറ്റൊന്നും ചിന്തിക്കാതെ യൂത്ത് കോൺഗ്രസ് ബാങ്ക് അടിച്ചു തകർത്തു

single-img
15 May 2019

നെയ്യാറ്റിന്‍കരയില്‍ ജപ്തിഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍ത്താവിനെയും ഭര്‍തൃകുടുംബത്തെയും പഴിച്ച് മരിച്ച ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്.  വീടിന്റെ ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

മരണത്തിന് കാരണം കുടുംബപ്രശ്‌നങ്ങളാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചു. തന്നെയും മകളെയും കുറിച്ച് നിരന്തരം അപവാദം പ്രചരിപ്പിച്ചു. മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചനയുണ്ട്. ജപ്തിയുടെ ഘട്ടമെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കഷ്ണമ്മയുടെ സഹോദരി, ഭര്‍ത്താവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട് വില്‍ക്കാനുള്ള നീക്കങ്ങളെല്ലാം അട്ടിമറിച്ചത് ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.

മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ തന്നെ വിളിച്ചിരുന്നതായി ചന്ദ്രൻ പറഞ്ഞിരുന്നു. മകള്‍ മരിച്ച് മണിക്കൂറുകള്‍ തികയും മുമ്പ് ഭാര്യ ലേഖയെ അഡ്മിറ്റ് ചെയ്ത ആശുപത്രി വാര്‍ഡിന് മുന്നില്‍ നില്‍ക്കവെയായിരുന്നു ചന്ദ്രന് ബാങ്കിന്റെ കോള്‍ വീണ്ടും വന്നതെന്നാണ് ചന്ദ്രൻ പറഞ്ഞത്.  

‘ബാങ്കിന്റെ അഡ്വക്കേറ്റാണ്. വീടൊഴിയണം എന്നാവശ്യപ്പെട്ട് അവര്‍ രാവിലെ മുതല്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഇത് സംഭവച്ചുകഴിഞ്ഞിട്ടും അവര്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്’- ചന്ദ്രന്‍ ഇത് പറയുമ്പോള്‍ മകള്‍ മരണത്തിന് കീഴടങ്ങിക്കഴിഞ്ഞ് മണിക്കൂറുകള്‍ പോലും തികഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രണ്ടുമണിക്കാന്‍ ചന്ദ്രന്റെ മകള്‍ വൈഷ്ണവി മരിച്ചത്. നാലുമണിക്കാണ് ബാങ്കിന്റെ വക്കീല്‍ തന്നെ വീണ്ടും വിളിക്കുന്നതെന്നും ചന്ദ്രൻ പറഞ്ഞിരുന്നു.

ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കുടുംബം പലവഴിയും നോക്കി. അവസാനം വീട് വിറ്റു പണം നല്‍കാനുള്ള ശ്രമത്തിലായിരുന്നുവെന്നും എന്നാല്‍  പറഞ്ഞ സമയത്ത് കച്ചവടം ഉറപ്പിക്കാനായില്ലെന്നും ചന്ദ്രൻ പറഞ്ഞിരുന്നു. പണം നല്‍കാനുള്ള സാവകാശം തരണമെന്ന് അപേക്ഷിച്ചിട്ടും കാനറാ ബാങ്കുകാര്‍ ചെവികൊണ്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭത്തില്‍ കാനറ ബാങ്കിന് എതിരെ പ്രതിഷേധം നടന്നു.  തിരുവനന്തപുത്ത് ബാങ്കിന്റെ ശാഖയ്ക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ സംജാതമായിരുന്നു. ബാങ്കിന്റെ റീജിയണല്‍ ഓഫീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ജില്ലയിലെ മൂന്നു ശാഖകള്‍ അടച്ചിട്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ശാഖ നാട്ടുകാര്‍ ഉപരോധിച്ചു.