‘പൊതുസ്ഥലത്തെ ആര്‍എസ്എസ് ശാഖകള്‍ക്ക് പൂട്ട്’: അമ്പരന്ന് ബിജെപി

single-img
15 May 2019

പൊതുസ്ഥലത്തെ ആര്‍എസ്എസ് ശാഖകള്‍ക്ക് കൂച്ചുവിലങ്ങുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പൊതുയിടങ്ങളിലെ ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ആര്‍എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്.

അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കും. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ലെന്നും കമല്‍നാഥ് വ്യക്തമാക്കി. ഗോവധത്തിനു ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കില്ലെന്നും കമല്‍നാഥ് വ്യക്തമാക്കി.

നേരത്തെ ഇത്തരത്തില്‍ കേസ് എടുത്തത് ഏറെ വിവാദമായിരുന്നു. ഇനി ഇക്കാര്യം ആവര്‍ത്തിക്കില്ലെന്നും കമല്‍ നാഥ് വ്യക്തമാക്കി. മലയാളത്തിലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്പതില്‍ 22 സീറ്റ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നേരത്തെ, മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ശാഖയില്‍ പോകുന്നത് നിര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പത്രികയിലാണ് ഇക്കാര്യം പറയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പരിസരത്തോ ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പത്രികയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്.

12 വര്‍ഷമായി ബി.ജെ.പി ഭരിച്ച മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശാഖയില്‍ പങ്കെടുക്കാനുള്ള അനുമതി ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ ശാഖയില്‍ പോകുന്നത് വിലക്കിക്കൊണ്ട് 1981ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കുകയും 2000ത്തില്‍ ദ്വിഗ് വിജയസിങ്ങിന്റെ കാലത്ത് ഉത്തരവ് പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു.

ശാഖയില്‍ പോയാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മധ്യപ്രദേശ് സിവില്‍ സര്‍വീസ് നിയമപ്രകാരം (M P Civil Service (classification, control and appeal) Rules of 1966) നടപടിയെടുക്കുമെന്നായിരുന്നു ഉത്തരവ്. എന്നാൽ 2006 സെപ്റ്റംബറിലാണ് മുഖ്യമന്ത്രിയായി വന്ന ശിവരാജ് സിങ് ചൗഹാന്‍ ആര്‍.എസ്.എസിനെ സാമൂഹിക-സാംസ്‌ക്കാരിക സംഘടനയാക്കി നിരോധനം നീക്കിയത്.