കേന്ദ്രത്തിൽ അധികാരം പിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പാളുന്നു

single-img
15 May 2019

സഖ്യരൂപീകരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ കല്ലുകടി. 21ന് നടക്കാനിരിക്കുന്ന യോഗത്തെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസിനും എസ്.പി – ബി.എസ്.പി സഖ്യത്തിനുമാണ് അഭിപ്രായഭിന്നതയുള്ളത്. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി.

അവസാന തെരഞ്ഞെടുപ്പിന് ശേഷം 21ന് യോഗം ചേരാന്‍ 21 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ നേരത്തെ ധാരണയായിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എസ്.പി – ബി.എസ്.പി പാര്‍ട്ടികള്‍ അറിയിച്ചു. ഫലം വന്നതിന് ശേഷം മാത്രമേ യോഗം ചേരേണ്ടതുള്ളൂവെന്ന നിലപാടിലാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമുള്ളത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വടംവലിയാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.

കോൺഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് പ്രതിപക്ഷ പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോൺഗ്രസിന് ലഭിക്കുന്നതിൽ ഇവർക്ക് താത്പര്യമില്ലെന്നാണ് വിവരം. മായാവതിക്കും, മമതാ ബാനർജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. പ്രധാന പ്രതിപക്ഷ പാർട്ടികൾ ഇത്തരമൊരു നയം സ്വീകരിക്കുന്നത് കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കും.

കോൺഗ്രസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള നീക്കമായി ഇതിനെ കാണുന്നുണ്ട്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനർജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളിൽ ഇവർ സൂചിപ്പിച്ചിട്ടുമുണ്ട്. അതേസമയം സമവായത്തിന് മറ്റ് വഴികൾ കോൺഗ്രസ് തേടുന്നുണ്ട്.

എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാർട്ടികൾക്ക് വിട്ടുനൽകി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കർണാടക മോഡലിൽ സർക്കാരിൽ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുക.