Kerala

കോട്ടയത്ത് ലോ ഫ്ലോർ എസി ബസിൽ യാത്രക്കാരൻ ഛർദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ, പ്രതിഷേധം ശക്തം

കോട്ടയം: യാത്ര ചെയ്യുന്നതിനിടെ ബസില്‍ ഛര്‍ദ്ദിച്ച യാത്രക്കാരനെ കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാരുടെ ക്രൂരത. കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടയം ബസ് സ്റ്റാന്‍ഡിലാണ് സംഭവം നടന്നത്. അസം ഗുവാഹതി നൗഗായ് സ്വദേശി അസദുല്‍ ഇസ്ലാമിനാണ് ദുരനുഭവം ഉണ്ടായത്.

എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ലോ ഫ്‌ലോര്‍ എസി ബസിലെ യാത്രക്കാരായിരുന്നു അസദുല്‍ ഇസ്ലാമും സുഹൃത്തുക്കളും. ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിലെ ഹോളോ ബ്രിക്‌സ് നിര്‍മാണ യൂണിറ്റിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ഛര്‍ദിച്ചുവെന്നു അസദുല്‍ ഇസ്‌ലാം പറഞ്ഞു. കോട്ടയം ഡിപ്പോയില്‍ എത്തിയപ്പോള്‍ ബസില്‍ നിന്ന് മറ്റു യാത്രക്കാരെ ഇറക്കി നിര്‍ത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് അസദുല്‍ ബസ് കഴുകി.

ബസ് കഴുകാന്‍ കോട്ടയം ഡിപ്പോയില്‍ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാര്‍ ഉള്ളപ്പോഴാണ് യാത്രക്കാരനോടു കഴുകാന്‍ നിര്‍ബന്ധിച്ചത്. യാത്രക്കാർ പ്രതിഷേധിച്ചതോടെ ജീവനക്കാരുടെ സഹായത്തോടെയാണു ബസ് വൃത്തിയാക്കിയതെന്നു കെഎസ്ആർടിസി അധികൃതർ ന്യായീകരിച്ചു. അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടില്ലെന്നു കോട്ടയം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ എ. അബ്ദുൽ നാസർ പറഞ്ഞു.