ബിവറേജിനു തീപിടിച്ചു: ‘ജവാനെ’ രക്ഷിക്കാൻ വെള്ളവുമായി ഓടിയെത്തി മദ്യം വാങ്ങാനെത്തിയവർ

single-img
15 May 2019

ബിവറേജിനു തീപിടിച്ചപ്പോൾ വെള്ളവുമായി ഓടിയെത്തി തീയണച്ചത് മദ്യം വാങ്ങാനെത്തിയവർ. കോട്ടയം ചങ്ങനാശ്ശേരിക്കടുത്ത് കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പിലാണ് ചെറിയ തോതില്‍ തീപിടിത്തമുണ്ടായത്. എന്നാല്‍ മദ്യം വാങ്ങാൻ ക്യൂവിൽ നിന്നവരുടെ സമോയോചിതമായ ഇടപെടല്‍ മദ്യ കുപ്പികള്‍ക്കടക്കം രക്ഷയായി.  

ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. അഞ്ചര മണിയോടെ കറുകച്ചാല്‍ വിദേശ മദ്യ ഷോപ്പില്‍ കറണ്ട് പോയിരുന്നു. ഇതോടെ ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്‍റെ പ്രവര്‍ത്തനം. ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ ജനറേറ്ററിന് തീ പിടിക്കുകയും വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിതുടങ്ങുകയുമായിരുന്നു.

‘ജവാന്‍ മദ്യം’ സൂക്ഷിച്ചിരുന്നതിനടുത്തായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. ജനറേറ്റര്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ ക്യൂ നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. ‘ജവാനെ’ രക്ഷിക്കാനായി വിദേശ മദ്യ ശാലയ്ക്ക് സമീപത്തുണ്ടായിരുന്ന കിണറ്റില്‍ നിന്ന് വെള്ളംകോരി ഏവരും ഒരേ മനസ്സോടെ പരിശ്രമിച്ചതോടെയാണ് തീ അണയ്ക്കാനായത്. ഇതിനിടെ വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സും എത്തിയിരുന്നു. ഇതോടെയാണ് വലിയ ദുരന്തം ഒഴിവായത്. ഓടികൂടിയവര്‍ ബക്കറ്റിലും കാലി കുപ്പിയിലുമൊക്കെയാണ് വെള്ളം എത്തിച്ചത്.

രണ്ട് മുറികളിലായി വില്‍പനയ്ക്കുള്ള മദ്യം ഇവിടെ സൂക്ഷിച്ചിരുന്നു. ജനറേറ്റര്‍ സമയത്ത് അണയ്ക്കാന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ ദുരന്തമാകുമായിരുന്നെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊള്ളലേറ്റിട്ടുണ്ട്.

വൈദ്യുതി ഇല്ലാത്തതിനെത്തുടര്‍ന്ന് അരമണിക്കൂറിലധിക നേരം ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതായിരുന്നു അപകടത്തിന് കാരണം. ഉഗ്ര സ്‌ഫോടനത്തോടെ ജനറേറ്റര്‍ പൊട്ടിത്തെറിച്ചതോടെ തീ പടരുകയായിരുന്നു. പഴയ ബില്‍ ബുക്കുളും രജിസ്ട്രറുകളും തീ പിടിത്തത്തില്‍ നശിക്കുകയും ചെയ്തു. വില്‍പ്പനങ്ങള്‍ക്കുള്ള മദ്യങ്ങള്‍ രണ്ടുമുറിയുടെ അപ്പുറത്തായതിനാല്‍ വന്‍ അപകടം ഒഴിവാക്കുകയായിരുന്നു