മുൻ സുപ്രീം കോടതി ജഡ്ജി മദൻ ലോകുർ ഇനിമുതൽ ഫിജിയിലെ സുപ്രീം കോടതി ജഡ്ജി

single-img
15 May 2019

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജഡ്ജി ജസ്റ്റിസ് മദൻ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനാകുന്നത്.

മദന്‍ ലോകുര്‍ വിരമിച്ച 2018 ഡിസംബര്‍ 31-ന് ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതില്‍ അദ്ദേഹം ഇപ്പോഴാണ് തീരുമാനമെടുത്തത്. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി.

വര്‍ഷത്തില്‍ മൂന്നു തവണ സമ്മേളിക്കുന്ന ഫിജി സുപ്രീംകോടതിയില്‍ ജസ്റ്റിസ് ലോകൂര്‍ ആഗസ്റ്റ് 15 മുതല്‍ 30 വരെയുള്ള സെഷനിലാണ് ഇരിക്കുക.

ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്ന് കരുതുന്നതായും ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. വളരെ താത്പര്യമുണര്‍ത്തുന്ന ക്ഷണമാണിതെന്നും അതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, മലേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഇതിന് മുമ്പ് ഫിജി ക്ഷണിച്ചിട്ടുണ്ട്.

1977ല്‍ അഭിഭാഷകനായ മദന്‍ ലോകുര്‍ 2012 ജൂണ്‍ 4നാണ് സുപ്രീംകോടതിയില്‍ നിയമിതനായത്. ഗുവാഹത്തി, ആന്ധ്ര ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായതിന് ശേഷമാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിക്കപ്പെട്ടത്.