യുഡിഎഫ് തരംഗം; എല്‍ഡിഎഫിന് ഉറപ്പിക്കാവുന്നത് മൂന്നു സീറ്റുകള്‍ മാത്രം: എൽഡിഎഫിൻ്റെ സഖ്യകക്ഷിയായ ജനതാദള്‍ എസ് വിലയിരുത്തൽ

single-img
15 May 2019

കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ജനതാദൾ എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉറപ്പിക്കാവുന്നത് മൂന്നു സീറ്റുകള്‍ മാത്രമാണെന്ന് മുന്നണി ഘടകകക്ഷിയായ ജനതാദള്‍ എസ് വിലയിരുത്തിയതായി റിപ്പോര്‍ട്ട്. പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ സീറ്റുകളില്‍ ഒഴികെയുളളവയില്‍ മുന്‍തൂക്കം യുഡിഎഫിനാണെന്ന് കൊച്ചിയില്‍ ചേര്‍ന്ന ദള്‍ നേതൃയോഗം വിലയിരുത്തിയതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് എല്‍ഡിഎഫിനു മേല്‍ക്കൈയുള്ളത്. ഇതു കഴിഞ്ഞാല്‍ പിന്നെ സാധ്യതയുള്ളത് വടകരയും കോഴിക്കോടുമാണ്. ഈ സീറ്റുകളില്‍ പ്രവചനാതീതമായ മത്സരമാണു നടന്നതെന്നും റിപ്പാർട്ടിൽ പറയുന്നു. ചുരുക്കത്തിൽ എല്‍ഡിഎഫിനു പൂര്‍ണമായും ഉറപ്പുള്ളതു മൂന്നു സീറ്റു മാത്രമെന്ന നിഗമനത്തിലാണ് ദള്‍ നേതൃയോഗം എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇടതിനു വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ വിലയിരുത്തിയപ്പോഴാണ് ഘടകകക്ഷിയുടെ വേറിട്ടുള്ള കണക്കുകൂട്ടല്‍. ബിജെപി അക്കൗണ്ട് തുറക്കാന്‍ സാധ്യതയില്ലെന്ന് ജനദാ ദളും വിലയിരുത്തി.