ദുബായിലെ പ്രവാസികൾക്കു ആശ്വാസ വാർത്ത

single-img
15 May 2019

ദുബായിൽ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബർദുബായിലും കരാമയിലും അപാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വാടക 20 മുതൽ 25% വരെ കുറയുന്നെന്നാണു വിവരം.

കരാമയിൽ പ്രതിവർഷം 80,000 ദിർഹമുണ്ടായിരുന്ന ഇരുമുറി ഫ്ലാറ്റിന് 68,000 മുതൽ 70,000 ദിർഹം വരെയായി കുറഞ്ഞു. ഒരു മുറി ഫ്ലാറ്റിന് 65,000 ദിർഹമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 55,000 ദിർഹം നൽകിയാൽ മതിയാകും. എന്നാൽ, നിലവിലെ താമസക്കാർക്ക് വാടക കുറച്ചു നൽകാൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ തയ്യാറാകുന്നില്ല.

പുതുതായി എടുക്കുന്നവർക്കാണ് കുറഞ്ഞ വാടകയ്ക്ക് താമസ സ്ഥലം ലഭിക്കുന്നത്. 3 വർഷത്തേക്ക് വാടക കൂട്ടാൻ പാടില്ലെന്ന നിയമം അടുത്തിടെ ദുബായിലും പ്രാബല്യത്തിൽ വന്നിരുന്നു. ഇൗ നിയമം നേരത്തേതന്നെ ഷാർജയിൽ നടപ്പിലാക്കിയിട്ടുണ്ട്.

മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന തിരക്കേറിയ പ്രദേശങ്ങളാണ് കരാമയും ബർദുബായിയും . ഇവിടെ നിന്ന് യുഎഇയുടെ എല്ലാ ഭാഗത്തേക്കും യാത്ര എളുപ്പമാണെന്നതാണ് ആളുകളെ ഇവിടെ താമസിക്കാൻ പ്രേരിപ്പിക്കുന്നത്.

2009ൽ ദുബായ് മെട്രോ വന്നതു മുതലാണ് കരാമ, ബർദുബായ് പ്രദേശങ്ങളിൽ കെട്ടിട വാടക കുത്തനെ ഉയർന്നത്. ഇതോടെ ഇവിടങ്ങളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ ഭൂരിഭാഗവും ഷാർജ, അജ്മാൻ എന്നിവിടങ്ങളിലേക്കും താരതമ്യേന വാടക കുറഞ്ഞ ദുബായിലെ റാഷിദിയ, ഖിസൈസ് ഭാഗങ്ങളിലേക്കും കൂടുമാറിയിരുന്നു