ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നിൽ തന്റെ അമ്മയാണെന്ന് ഭർത്താവ് ചന്ദ്രൻ

single-img
15 May 2019

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തിമരിച്ച കേസില്‍ തനിക്ക് പങ്കില്ലന്നു പിടിയിലുള്ള ചന്ദ്രന്‍.  ആത്മഹത്യക്കുറിപ്പിൽ തനിക്കെതിരായി ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ശരിയല്ല. മന്ത്രവാദം നടത്തിയിട്ടില്ല. ഗള്‍ഫില്‍നിന്ന് വന്നിട്ട് ആറുമാസമേ ആയിട്ടുളളു. ബാങ്ക് അധികൃതര്‍ ഇന്നലെ ജപ്തിക്ക് വന്നിരുന്നെന്നും ചന്ദ്രന്‍ പറഞ്ഞു. ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രൻ പറയുന്നു.

അതേസമയം കേസിൽ ചന്ദ്രൻ, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാർ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു. 

കേസില്‍ കുടുംബപ്രശ്നങ്ങളാണു കാരണമെന്നു വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പ് ലഭിച്ചതോടെ കേസിന് വഴിത്തിരിവ് ആകുകയായിരുന്നു. ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയുമാണ് കാരണക്കാരെന്നു കുറുപ്പിൽ പറയുന്നു. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ചന്ദ്രന്റെ ആരോപണത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യക്കുറിപ്പ് ലഭിച്ചത്. ഇതോടെ ചന്ദ്രൻ, അമ്മ കൃഷ്ണമ്മ, ബന്ധുക്കളായ കാശി, ശാന്ത എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറിപ്പില്‍ പറയുന്നത് ഇങ്ങനെ– വീട് ജപ്തിയുടെ ഘട്ടത്തിലെത്തിയപ്പോഴും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ല. ആല്‍ത്തറയുണ്ടെന്ന കാരണത്താല്‍ വസ്തുവിറ്റ് കടംവീട്ടുന്നതിന് ഭര്‍ത്താവിന്റെ അമ്മ കൃഷ്ണമ്മ തടസം നിന്നു. തന്നെയും മകളെയുംകുറിച്ച് അപവാദം പറഞ്ഞു. വീട്ടില്‍ മന്ത്രവാദം നടത്താറുണ്ട്. സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ നിരന്തരം പീഡിപ്പിക്കുകയും വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ചന്ദ്രന് വേറെ വിവാഹം ആലോചിച്ചെന്നും കുറിപ്പിലുണ്ട്. ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രനെയും ബന്ധുക്കളെയും അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്തു. ആരോപണം പ്രതികള്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ചന്ദ്രന്‍, കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, ഭര്‍ത്താവ് കാശി എന്നിവരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ബാങ്കില്‍നിന്നുള്ള ജപ്തിഭീഷണി ഇപ്പോള്‍ അന്വേഷണപരിധിയിലില്ല. ചന്ദ്രനും ബന്ധുക്കളും ബാങ്കിനെ പഴിപറഞ്ഞത് തെറ്റിദ്ധാരണ പരത്താനാണോ എന്നും പൊലീസ് അന്വേഷിക്കും. ഇന്നുരാവിലെയും മാധ്യമങ്ങള്‍ക്കു മുന്നില്‍ ചന്ദ്രന്‍ ബാങ്കിനെ പഴിപറഞ്ഞിരുന്നു. വിശദമായ മൊഴിയെടുപ്പിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷം മാത്രമേ അറസ്റ്റുണ്ടാകൂ. അതിനിടെ, മരിച്ച ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ചന്ദ്രനെ മൃതദേഹം കാണിച്ചിരുന്നു.