‘താൻ മന്ത്രവാദം ചെയ്തിട്ടുണ്ട്’; ലേഖയുടെ ആത്മഹത്യാക്കുറിപ്പ് തള്ളാതെ ഭര്‍ത്താവ്

single-img
15 May 2019

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യചെയ്ത സംഭവത്തിൽ ലേഖയുടെ കുറിപ്പ് തള്ളാതെ ഭർത്താവ് ചന്ദ്രൻ. അമ്മയും ലേഖയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ചന്ദ്രൻ പൊലീസിന് മൊഴി നല്‍കി.  താൻ മന്ത്രവാദം ചെയ്തിട്ടുണ്ടെന്നും ചന്ദ്രൻ  മൊഴി നല്‍കി എന്നാണ് വിവരം.

ജപ്തിയുമായി ബന്ധപ്പെട്ട് ബാങ്കിൻറെ ഭാഗത്തുനിന്നുള്ള സമ്മർദ്ദമാണ് ലേഖയുടെയും മകൾ വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കി ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത മുറിയുടെ ചുവരിൽ ഒട്ടിച്ച നിലയിലായിരുന്നു കുറിപ്പ്.

വസ്തു തർക്കവും കുടുംബ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് കത്തിലെ സൂചന. ചന്ദ്രന്റെ അമ്മയായ കൃഷ്ണമ്മ, ഭർത്താവ് കാശി, ശാന്ത എന്നിവർക്കെതിരെയാണ് കുറിപ്പ്. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതായി കത്തിൽ പറയുന്നു. തന്നെയും മകളെയും കൊല്ലുമെന്ന് കൃഷ്ണമ്മ ഭീഷണിപ്പെടുത്തിയതായും കടം തീർക്കാൻ വീട് വിൽക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

മന്ത്രവാദം അടക്കമുള്ള കാര്യങ്ങൾ നടത്തിയതായും തങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും കത്തിൽ ആരോപിക്കുന്നു. കടം തീർക്കാർ ഭർത്താവ് താൽപര്യമെടുക്കുന്നില്ലെന്നും കടബാധ്യതകളുടെ പേരിൽ എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും ലേഖയുടെയും മകളുടെയും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ബുധനാഴ്ച രാവിലെ ഫോറൻസിക് സംഘം വീടിനുള്ളിൽ കടന്ന് പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ കുറിപ്പും ചുവരിലെഴുതിയ വാചകങ്ങളും കണ്ടെത്തിയത്. സംഭവത്തിനു ശേഷം പോലീസ് വീട് പൂട്ടിയിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം മറ്റു പരിശോധനകൾ നടത്താതിരുന്നതും ആത്മഹത്യാ കുറിപ്പ് കണ്ടെത്താനാകാതിരുന്നതുമെന്നാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നെയ്യാറ്റിൻകര മഞ്ചവിളാകം മലയിൽക്കട വൈഷ്ണവിയിൽ ചന്ദ്രന്റെ ഭാര്യ ലേഖ(42)യും മകൾ വൈഷ്ണവി(19)യും തീകൊളുത്തി ആത്മഹത്യ ചെയ്തത്. വീടും സ്ഥലവും വിറ്റ് ജപ്തി ഒഴിവാക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടതോടെയാണ് ഇവർ ജീവനൊടുക്കിയതെന്നാണ് വാർത്തകളുണ്ടായിരുന്നത്. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇവരുടെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്ന് ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു.