നെയ്യാറ്റിൻകര ആത്മഹത്യ: ചന്ദ്രൻ പറഞ്ഞ പച്ചക്കള്ളം പൊളിച്ചത് ഭര്‍ത്താവിനെതിരെ വീട്ടമ്മയുടെ കുറിപ്പ്

single-img
15 May 2019

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. 

സംഭവത്തില്‍ ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ  പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇവര്‍ വില്‍ക്കാന്‍ ശ്രമിച്ച സ്ഥലത്ത് ആല്‍ത്തറയും മന്ത്രവാദക്കളവും ഉണ്ടായിരുന്നെന്നും അതിനാല്‍ വില്‍ക്കാന്‍ ഭര്‍ത്താവ് അനുവദിച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം.

സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖ കുറിപ്പില്‍ വിശദമാക്കുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും ചന്ദ്രന്റെ സഹോദരിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി.

ഭൂമി വാങ്ങാന്‍ വന്നയാള്‍ പണം നല്‍കുന്നതിന് മുന്‍പായാണ് പിന്മാറിയത്. ഭൂമി വില്‍പന തകിടം മറിച്ചതില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പങ്കുണ്ടെന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയ്ക്കും മകള്‍ക്കും സംശയമുണ്ടായിരുന്നെന്നാണ് പൊലീസ് വിശദമാക്കുന്നത്.

നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് ഇന്നലെ വൈകീട്ടോടെ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. കനറാ ബാങ്കിൽ നിന്നും കുടുംബം ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. ഇതേ തുടർന്ന് തിരുവനന്തപുരത്ത് കനറാ ബാങ്ക് ശാഖകൾക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഇന്ന് നടക്കുന്നത്.

ഇതിനിടെ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിനു നേർക്ക് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. പ്രവർത്തകർ ബാങ്ക് ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തിരുന്നു.

നേരത്തെ, സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ ചന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്റെ മകള്‍ വൈഷ്ണവി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു. വായ്പ്പ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചു.

വായ്പ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നുവെന്നും ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രന്‍ വെളിപ്പെടുത്തി. ബാങ്ക് അധികൃതരുടെ ഭീഷണിയാണ് അമ്മയുടെയും മകളുടെ ദാരുണ അന്ത്യത്തിന് ഇടയാക്കിയതെന്ന ഗൃഹനാഥന്‍ ചന്ദ്രന്റെ പരാതി ശരിവയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരിക്കേ കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കളക്ടര്‍ നല്‍കിയത്.