നെയ്യാറ്റിന്‍കര ആത്മഹത്യ: കനറാ ബാങ്ക് ഓഫീസ് അടിച്ചുതകർത്തു; തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല

single-img
15 May 2019

ജപ്തി നടപടിയെ തുടർന്ന് അമ്മയും മകളും ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണൽ ഓഫീസിനു നേർക്ക് കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രതിഷേധം. പ്രവർത്തകർ ബാങ്ക് ഓഫീസ് തല്ലിത്തകർത്തു.

രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവർത്തകർ ബാങ്ക് കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു.

തുടർന്ന് ബാങ്ക് റിസപ്ഷൻ കൗണ്ടർ അടിച്ചുതകർത്തു. തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ കവാടത്തിനു പുറത്തെത്തിക്കുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ബാങ്കിന് വെളിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം.  അടച്ചിടുന്നത് നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ്.

അതേസമയം നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കിയതില്‍  ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. രാവിലെ  പോസ്മോര്‍ട്ടത്തിനുശേഷം  ഇരുവരുടെയും മൃതദേഹങ്ങള്‍ വിട്ടു നല്കും. ‌

വീടും കിടപ്പാടവും ജപ്തി ചെയ്യുമെന്ന കാനറ ബാങ്കിന്റെ മാനസിക പീഡനത്തില്‍ മനംനൊന്താണ്  ലേഖയും  വൈഷ്ണവിയും തീകൊളുത്തി മരിച്ചതെന്നാണ് പരാതി. പല തവണ ഫോണ്‍ വിളിച്ച് സമ്മര്‍ദത്തിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അതിനാല്‍ കേസെടുക്കുന്നതിന് മുന്‍പ് പ്രധാനമായും രണ്ട് കാര്യങ്ങള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. ജപ്തി സമ്മര്‍ദവുമായി തുടര്‍ച്ചയായി ഫോണ്‍ വിളിയെത്തിയോയെന്ന് അറിയാന്‍ ഫോണ്‍ രേഖകള്‍ പരിശോധിക്കും. കൂടാതെ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെയും മാതാവ് കൃഷ്ണമ്മയുടെ മൊഴികളും  നിര്‍ണായകമാവും. 

ബാങ്കിലെ വായ്പയുടെ രേഖകളും പൊലീസ് പരിശോധിക്കും. വായ്പ തിരിച്ച് പിടിക്കാനായി കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ നിര്‍േദശപ്രകാരമായിരുന്നു നടപടിയെന്ന വാദം ബാങ്ക് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിനാല്‍ നിയമവിദ്ധരുമായും ആലോചിച്ചാകും പൊലീസ്  തീരുമാനമെടുക്കുക. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ മാരായമുട്ടത്തേയ്ക്ക് കൊണ്ടു പോകും.