ശബരിമല കയറാൻ വീണ്ടും ബിന്ദു എത്തി: സന്നിധാനത്ത് സംഘടിച്ച് പ്രതിഷേധക്കാർ

single-img
15 May 2019

മുമ്പ്‌ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു വീണ്ടും എത്തുമെന്ന അഭ്യൂഹത്തെ തുടർന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് സംഘടിച്ചു. ഇതിനെ തുടർന്ന് പൊലീസും ജാഗ്രതയിലാണ്. ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ഭക്തജനത്തിരക്ക് ശരാശരിയാണ്.

ഇന്നലെ അർധരാത്രിയോടെ ആണ് ബിന്ദു മലകയറ്റത്തിനായി ജില്ലയിലെത്തിയത് . രണ്ടു പൊലീസുകാരുടെ അകമ്പടിയുള്ളതിനാൽ പെരുമ്പട്ടിയിലെ ബന്ധുവീട്ടിൽ അർധരാത്രിയെത്തിയെങ്കിലും അപ്പോൾ തന്നെ നാട്ടുകാർ അറിഞ്ഞു.

ശബരിമല കർമ സമിതിയുടെ പ്രവർത്തകരും സംഭവം അറിഞ്ഞെത്തിയിരുന്നു. ശബരിമല ദർശനം നടത്തണമെന്ന ആവശ്യം പൊലീസിനോടു പറഞ്ഞുവെങ്കിലും സുരക്ഷയൊരുക്കുന്നതിൽ ജില്ലയിലെ പൊലീസ് ബുദ്ധിമുട്ട് അറിയിച്ചുവെന്നാണു വിവരം.

ഇതേത്തുടർന്ന് പുലർച്ചെ തന്നെ ബിന്ദു കോട്ടയത്ത് സുഹ്യത്തിന്റെ വീട്ടിലേക്കു പോയി. എന്നാല്‍ ഇവിടെനിന്നു വീണ്ടും ശബരിമലയിലെത്തുമെന്ന സൂചന ലഭിച്ചതിനാൽ പൊലീസും കരുതലോടെയാണു പമ്പയിൽ നിൽക്കുന്നത്.

അതേസമയം സന്നിധാനത്ത്അന്യസംസ്ഥാനക്കാരായ ഭക്തരുടെ എണ്ണവും കുറവാണ്. സ്വകാര്യവാഹനങ്ങൾ നേരത്തെതിനു സമാനമായി നിലയ്ക്കലിൽ തടയുന്നുണ്ട്. നിലയ്ക്കൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ വേണം പമ്പയിൽ എത്താൻ.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് യാത്ര ആരംഭിക്കുന്ന ഇടത്ത് വനിതാ പൊലീസിന്റെ പരിശോധനയുണ്ട്. യുവതി പ്രവേശന വിധി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ അധികം പൊലീസിനെ വിന്യസിച്ചിട്ടില്ല.