വനിതാമതിലിനെതിരെ ഗൾഫിൽ നിന്ന് വാട്‌സ് ആപ് സന്ദേശം അയച്ച ബിജെപി പ്രവർത്തകനെ നാട്ടിലെത്തിയപ്പോൾ വീടുകയറി മർദ്ദിച്ചു: വീടും അടിച്ചു തകർത്തു

single-img
15 May 2019

വനിതാമതിലിനെതിരെ ഗൾഫിൽ നിന്ന് വാട്‌സ് ആപ് സന്ദേശം അയച്ചുവെന്ന് ആരോപിച്ചു ബി.ജെ.പി പ്രവർത്തകനെയും കുടുംബത്തെയും ഒരു സംഘം വീട് കയറി ആക്രമിച്ചു. മർദ്ദനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീടും അടിച്ചു തകർത്തിട്ടുണ്ട്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.

പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സുനിൽ, ഭാര്യ സയന, മരുമകൾ ശ്യാമള എന്നിവരെയാണ് അടിച്ചു പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാസിയായ സുനിൽ രണ്ടാഴ്ച മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. വനിതാ മതിലിനെതിരെ വാട്‌സ് ആപ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ ഒരു സംഘം നാട്ടിലെത്തിയാൽ നിന്നെ കാണിച്ചുതരാം, തട്ടിക്കളയും എന്നൊക്കെ പറഞ്ഞു ഭീഷണിമുഴക്കി കൊണ്ടിരുന്നുവെന്ന് സുനിൽ പറയുന്നു. അതിനിടെ സുനിൽ നാട്ടിൽ എത്തിയതറിഞ്ഞാണ് സംഘം വീട്ടിൽ കയറി അതിക്രമം കാണിച്ചത്.

അഭിലാഷ്, സത്യൻ, സനൂപ് , രഞ്ജിത്ത്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അക്രമമെന്ന് പരിക്കേറ്റവർ പറഞ്ഞു. വീടിന്റെ ജനലുകളും വാതിലും ഫർണിച്ചറുകളും സംഘം അടിച്ചു തകർത്തതായി സുനിൽ പറഞ്ഞു.  ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.