ലോകത്തെ ആശങ്കയിലാക്കി അമേരിക്കയുടെ സൈനികനീക്കം; യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍: കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യു.എ.ഇ അന്വേഷണം ആരംഭിച്ചു

single-img
14 May 2019

ഫുജൈറ തീരത്ത് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ യു.എ.ഇ അന്വേഷണം ആരംഭിച്ചു. അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായത്തോടെ പഴുതടച്ച അന്വേഷണമാണ് നടക്കുകയെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പ്രതികരിച്ചു. ഞായറാഴ്ചയാണ് ഫുജൈറ തീരത്ത് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് സൗദി എണ്ണക്കപ്പലുകള്‍ ഉള്‍പ്പെടെ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

പശ്ചിമേഷ്യയില്‍ അസ്വസ്ഥത പടര്‍ത്തിയ സംഭവത്തെ കുറിച്ച് പഴുതടച്ച അന്വേഷണത്തിനാണ് യു.എ.ഇ ഉത്തരവിട്ടത്. അന്താരാഷ്ട്ര ഏജന്‍സികളുടെ കൂടി സഹകരണത്തോടെ നടക്കുന്ന അന്വേഷണം, അട്ടിമറി നീക്കത്തിന് പിന്നിലെ മുഴുവന്‍ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

ലോകരാജ്യങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ യു.എ.ഇക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിനിടെ, കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഇറാനു മുന്നറിയിപ്പുമായി യുഎസിന്റെ സൈനികനീക്കം.

അമേരിക്കയുടെ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളില്‍ ആദ്യമായി പ്രതിരോധപ്പറക്കല്‍ നടത്തി. മധ്യപൂര്‍വദേശത്ത് ഇറാന്റെ ‘ഭീഷണി’ തടയുന്നതിനായി സേന ഞായറാഴ്ച മേഖലയില്‍ പട്രോളിങ് നടത്തിയതായി യുഎസ് എയര്‍ഫോഴ്‌സസ് സെന്‍ട്രല്‍ കമാന്‍ഡാണു വെളിപ്പെടുത്തിയത്.

യുഎസ് വ്യോമസേനയുടെ ബി52എച്ച് ദീര്‍ഘദൂര ബോംബര്‍ വിമാനങ്ങള്‍, എഫ്15സി ഈഗിള്‍സ്, എഫ്35എ ലൈറ്റ്‌നിങ് 2 ജോയിന്റ് സ്‌ട്രൈക് പോര്‍വിമാനങ്ങള്‍ എന്നിവയാണു പ്രതിരോധപ്പറക്കല്‍ നടത്തിയത്. ഇവയ്ക്ക് അകമ്പടിയായും ഇന്ധനം നിറയ്ക്കാനുമായി കെസി135 സ്ട്രാറ്റോടാങ്കറും സജീവമായിരുന്നു.

ഏതുവിധേനയും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യുഎസ് തയാറാണെന്ന സന്ദേശം കൈമാറാനാണു പോര്‍വിമാനങ്ങള്‍ പ്രതിരോധപ്പറക്കല്‍ നടത്തിയതെന്നു യുഎസ് പട്ടാളം വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മിഡില്‍ ഈസ്റ്റിലേക്ക് 1.20 ലക്ഷം സൈനികരെ അയക്കാന്‍ പെന്റഗണ്‍ തീരുമാനിച്ചെന്നാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറക്ക് യുദ്ധക്കാലത്ത് മാത്രമാണ് അമേരിക്ക ഇത്രയും സൈനികരെ വിന്യസിച്ചിട്ടുള്ളത്. ഇതോടൊപ്പം അമേരിക്കയുടെ നാവിക, വ്യോമ സാങ്കേതിക സംവിധാനങ്ങളെല്ലാം ഇറാനു സമീപത്തേക്ക് നീങ്ങുകയാണ്. വിമാന വാഹിനി കപ്പലിന്റെയും പോര്‍വിമാനങ്ങളുടെയും ചിത്രങ്ങളെല്ലാം അമേരിക്കന്‍ സൈന്യം തന്നെ രാജ്യാന്തര മാധ്യമങ്ങള്‍ക്ക് നല്‍കുന്നുണ്ട്.

യുഎസ് ബോംബര്‍ ഗ്രൂപ്പില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് പ്രധാനമായും പുറത്തുവന്നിരിക്കുന്നത്. ബി–52എച്ച് ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതും മുകളില്‍ വച്ച് ഇന്ധനം നിറക്കുന്നതും തുടങ്ങി ചിത്രങ്ങളെല്ലാം യുഎസ് എയര്‍ ഫോഴ്‌സ് സെന്റ്രല്‍ കമാന്‍ഡ് ആണ് പുറത്തുവിട്ടിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. എന്നാല്‍ കൃത്യമാ ലൊക്കേഷണുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

അതിനിടെ, സുരക്ഷാകാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഉന്നതാധികാര സമിതി യോഗം ചേര്‍ന്നു. മധ്യപൂര്‍വദേശത്ത് ഇറാന്റെ ആക്രമണമോ ആണവായുധങ്ങളുടെ പരീക്ഷണമോ സംഭവിച്ചാല്‍ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിക്കാനാണു യുഎസിന്റെ തീരുമാനം.