ചന്ദ്രൻ ഉണക്കമുന്തിരിപോലെ ചുരുങ്ങുന്നു; ചാന്ദ്രകമ്പം വിള്ളലുകളുണ്ടാക്കുന്നു: കണ്ടെത്തലുമായി നാസ; വീഡിയോ

single-img
14 May 2019

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ വിള്ളലുകൾ രൂപപ്പെടുന്നുണ്ടെന്നും നാസയുടെ കണ്ടെത്തൽ. ഇത്തരം ചുരുങ്ങൽ മൂലം ചന്ദ്രനിൽ ഭൂകമ്പങ്ങൾ പോലെ ചാന്ദ്രകമ്പങ്ങൾ (lunar quakes) ഉണ്ടാകുന്നുണ്ടെന്നും ശാസ്ത്രജ്ഞന്മാർ കണ്ടെത്തി.

ചന്ദ്രൻ ചുരുങ്ങുന്നതിന്റെ ഭാഗമായി ഉപരിതലത്തിൽ ഉണ്ടായ വിള്ളലുകളുടെ ചിത്രങ്ങൾ നാസയുടെ ലൂണാർ റീകോണസൻസ് ഓർബിറ്റർ (LRO) എന്ന ചാന്ദ്രദൌത്യ വാഹനമാണ് ഭൂമിയിലേയ്ക്കയച്ചത്.

ഭൂമിയെപ്പോലെ ചന്ദ്രന് ടെക്ടോണിക് പ്ലേറ്റുകളില്ല. അതുകൊണ്ട് അതിന്റെ ഉള്ളിലെ ചൂടുള്ള ഭാഗം തണുക്കുമ്പോൾ ചൂട് പുറത്തേയ്ക്ക് വമിക്കും. പെട്ടെന്നു തണുക്കുമ്പോൾ ചന്ദ്രോപരിതലത്തിന്റെ വിസ്തീർണ്ണം കുറയുമെന്നും എന്നാൽ ഉപരിതലം പൊട്ടുന്ന സ്വഭാവമുള്ളതാകയാൽ വിള്ളലുകൾ വീഴുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കോടിക്കണക്കിനു വർഷങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന ചുരുങ്ങൽ മൂലം ചന്ദ്രോപരിതലത്തിൽ 100 അടി ആഴമുള്ള വിള്ളലുകൾ വരെ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ അപ്പോളോ ദൌത്യം മുതലുള്ള ഗവേഷണവിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ഈ നിഗമനം.