കെൽട്രോണിലായിരുന്ന താൻ ആദ്യത്തെ ഇമെയിൽ അയയ്ക്കുന്നത് 2000-ൽ : ടിജി മോഹൻദാസ്

single-img
14 May 2019

കെൽട്രോണിൽ ജീവനക്കാ‍രനായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ താനയയ്ക്കുന്നത് 2000-ലെന്ന് ബിജെപി ബൌദ്ധിക സെൽ അദ്ധ്യക്ഷനായ ടിജി മോഹൻദാസ്.

1980-കളിൽ താൻ അദ്വാനിയുടെ ചിത്രം ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചെടുത്ത് ഇമെയിൽ ചെയ്തെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ റിപ്പോർട്ടർ ചാനലിൽ നടന്ന ചർച്ചയിലാണ് ടിജി ഇപ്രകാരം പറഞ്ഞത്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം കരിയറിൽ വളർന്നുവന്നയാളെന്ന നിലയിൽ മോദി പറഞ്ഞത് അബദ്ധമാണെന്ന് തനിക്ക് സമ്മതിക്കേണ്ടി വരുമെന്നാണ് ടിജി മോഹൻദാസ് അഭിപ്രായപ്പെട്ടത്.

പ്രധാനമന്ത്രി ഒരു ടെക് സാവി ആണെന്ന് സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ പിആർ ടീം എഴുതിയുണ്ടാക്കിയ സ്ക്രിപ്റ്റ് അടപടലം കുഴപ്പമായതായിക്കൂടേയെന്ന് അവതാരകനായ അഭിലാഷ് മോഹനൻ ചോദിക്കുമ്പോൾ അങ്ങനെയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ടിജി മോഹൻദാസ് പറയുന്നുണ്ട്. ചിലപ്പോൾ വർഷം മാത്രം തെറ്റിപ്പോയതുമാകാമെന്നും അദ്ദേഹം പറയുന്നു. താൻ ഇതൊക്കെ ഇന്ത്യയിൽ ആദ്യമുപയോഗിച്ചയാളെന്ന് തെളിയിക്കാൻ മോദി ശ്രമിക്കുകയും വർഷം മാത്രം മാറിപ്പോകുകയും ചെയ്തതാകാമെന്ന് പറയുമ്പോഴും മോദി പറഞ്ഞത് അബദ്ധമാണെന്ന് ടിജി തുറന്ന് സമ്മതിക്കുന്നുണ്ട്.

“87-88 ൽ ഈ ടെക്നോളജിയേ ഉണ്ടായിരുന്നില്ല. ഞാനതുകൊണ്ടല്ലേ എടുത്ത വായ്ക്ക് സമ്മതിച്ചത് ഇതൊരു മിസ്റ്റേക്കാണ്.” ടിജി പറഞ്ഞു.

“ഞാനിതിന്റെ(സാങ്കേതിക വിദ്യ) കൂടെ വളർന്നവനാണ്. കെൽട്രോണിൽ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ ഞാനയയ്ക്കുന്നത് 2000-ലാണ്. ഈ കുന്ത്രാണ്ടത്തിൽ തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഞങ്ങളെയെല്ലാം വിളിച്ചു ഫയർ ചെയ്തു. മാനേജർമാരെല്ലാം മര്യാദയ്ക്ക് ഇമെയിൽ വഴി വേണം ഞാനുമായിട്ട് കറസ്പോൻഡ് ചെയ്യാനെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് ഞങ്ങളെയൊക്കെക്കൊണ്ട് ഇമെയിൽ ഉപയോഗിപ്പിച്ചത്. അതുവരെ ഇതിനെയൊരു വിശ്വാസമില്ല ആൾക്കാർക്ക്. ഒരു ക്ലിക്കടിക്കുന്നു, ഇതപ്പുറത്ത് പോകുമെന്ന് അന്ന് ഒരുറപ്പുമില്ലല്ലോ?” അദ്ദേഹം തുടർന്നു.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ നിന്നും ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം കരസ്ഥമാക്കിയ ടിജി വളരെക്കാലം മഹാരാഷ്ട്ര വൈദ്യുത വകുപ്പിലും കെൽട്രോണിലും ജോലിനോക്കിയിരുന്നു.

താന്‍ 1988 ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ അദ്വാനിയുടെ ഫോട്ടോയെടുത്ത് ഇ-മെയില്‍ വഴി ദില്ലിക്കയച്ചെന്നും പിറ്റേന്നത്തെ പത്രത്തില്‍ അത് കളറില്‍ അച്ചടിച്ച് വന്നെന്നും മോദി പറഞ്ഞതാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ചത്. മോദിയെ അസാധാരണ നുണയന്‍ (the incredible liar) എന്ന് വരെ സാമൂഹ്യമാധ്യമങ്ങള്‍ വിളിച്ചു തുടങ്ങുകയും ചെയ്തു.