പഠിക്കാന്‍ വേണ്ടി മാതാപിതാക്കള്‍ മുറിയില്‍ പൂട്ടി; ഫ്‌ളാറ്റിന് തീപിടിച്ച് പെണ്‍കുട്ടി വെന്തുമരിച്ചു

single-img
14 May 2019

മുംബൈയിലെ സബര്‍ബന്‍ ദദാറില്‍ ഞായറാഴ്ച്ചയാണ് ദാരുണമായ സംഭവം നടന്നത്. ശ്രാവണി ചവാന്‍ എന്ന പതിനാറുകാരിയാണ് മരിച്ചത്. മാതാപിതാക്കള്‍ രാവിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഫ്‌ളാറ്റിന്റ മുറി പുറത്തു നിന്ന് പൂട്ടിയിട്ടിരുന്നു.

എന്നാല്‍ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായതാണ് ദുരന്തത്തില്‍ കലാശിച്ചത്. അഗ്‌നിശമന സേനാ പ്രവര്‍ത്തകരെത്തി ശ്രാവണിയെ പുറത്തെത്തിക്കുമ്പോഴേക്കും പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുംമുമ്പ് മരണം സംഭവിച്ചു.

ഫ്‌ളാറ്റിലെ എയര്‍ കണ്ടീഷനറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീയണയ്ക്കാന്‍ മൂന്നു മണിക്കൂറോളം വേണ്ടിവന്നു. അതേസമയം ശ്രാവണിയുടെ മുറിയില്‍ നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തിരുന്നു. ഇത് എങ്ങനെ മുറിയിലെത്തിയെന്ന് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പൊലീസുകാരനാണ് ശ്രാവണിയുടെ പിതാവ്.