ഉത്തര്‍പ്രദേശില്‍ ബി.ജെ.പി വീണ്ടും പ്രതിരോധത്തില്‍; കോണ്‍ഗ്രസിന് വോട്ടു തേടി ബി.ജെ.പിയുടെ സഖ്യകക്ഷി; ‘കോണ്‍ഗ്രസ് ഭരണത്തില്‍ ഇത്ര അനീതിയോ ഏകാധിപത്യമോ ഉണ്ടായിരുന്നില്ല’

single-img
14 May 2019

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണയുമായി ബിജെപിയുടെ സഖ്യക്ഷി സുഹ്ലേദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി). മിര്‍സാപൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലളിതേഷ് ത്രിപാഠിയ്ക്ക് വോട്ട് ചോദിച്ച് എസ്ബിഎസ്പി ജനറല്‍ സെക്രട്ടറി അരുണ്‍ രാജ്ഭര്‍ രംഗത്തെത്തി.

യോഗി ആദിത്യനാഥ് മന്ത്രിസഭാംഗമായിരുന്ന ഓം പ്രകാശ് രാജ്ഭറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയാണ് എസ്ബിഎസ്പി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ബിജെപിയും, എസ്ബിഎസ്പിയും തമ്മില്‍ ഭിന്നത രൂപപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനത്തിന്റെ ഘട്ടത്തിലാണ് പ്രശ്‌നം രൂക്ഷമായത്.

തുടര്‍ന്ന് യുപിയില്‍ 40 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എസ്ബിഎസ്പി വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടി മുന്നണി വിട്ടിട്ടില്ലെങ്കിലും ഏപ്രില്‍ 13ന് താന്‍ യുപി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതാണെന്നാണ് ഒ പി രാജ്ഭറിന്റെ വിശദീകരണം. എന്നാല്‍ തന്റെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യു പി സര്‍ക്കാരിലെ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു രാജ്ഭര്‍.

അതേസമയം, കോണ്‍ഗ്രസിന്റെ കാലത്ത് പാവപ്പെട്ടവര്‍ ഇത്രയധികം അനീതിയും ഏകാധിപത്യവും അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് അരുണ്‍ രാജ്ഭര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍ പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്നും അവരുടെ പദ്ധതികള്‍ അടിസ്ഥാനവര്‍ഗത്തിലേയ്ക്ക് എത്തുമെന്നും അരുണ്‍ രാജ്ഭര്‍ വ്യക്തമാക്കി.

താന്‍ ബിജെപി ചിഹ്നത്തില്‍ മത്സരിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യമെന്നും എന്നാല്‍ തന്റെ പാര്‍ട്ടി ചിഹ്നത്തില്‍ മാത്രമേ മത്സരിക്കൂവെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ലെന്നും രാജ്ഭര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ മന്ത്രിസ്ഥാനം രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.