രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ സവർക്കർ ഇനി മുതൽ “വീർ” സവർക്കറല്ല

single-img
14 May 2019

ആർഎസ്എസ് താത്വികാചാര്യനായിരുന്ന വിനായക ദാമോദർ സവർക്കർ രാജസ്ഥാനിലെ പാഠപുസ്തകങ്ങളിൽ
ഇനി മുതൽ വീരനല്ല. സവർക്കറിന്റെ പേരിനൊപ്പം ചേർക്കാറുള്ള “വീർ” ഒഴിവാക്കിയാണ് പുതിയ പത്താം ക്ലാസ് സാമൂഹ്യപാഠപുസ്തകത്തിൽ സവർക്കറിന്റെ ചരിത്രം എഴുതിയിരിക്കുന്നത്.

“മഹാത്മാ ഗാന്ധിയെ വധിക്കാൻ ഗൂഢാലോചന നടത്തിയയാൾ“, “തന്റെ ജയിൽ ശിക്ഷയിൽ ഇളവു ലഭിക്കാൻ ബ്രിട്ടീഷുകാരോട് മൂന്നു തവണ മാപ്പപേക്ഷിച്ചയാൾ” എന്നിങ്ങനെ സവർക്കറെ സംബന്ധിച്ച ചരിത്ര വസ്തുതകൾ കൂടിച്ചേർത്താണ് പുസ്തകം ഇറക്കിയിരിക്കുന്നത്.

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പാഠപുസ്തകക്കമ്മിറ്റിയുടെ പുനരവലോകനത്തിനു ശേഷം പുറത്തിറക്കിയ പുസ്തകത്തിന്റെ കരട് പകർപ്പ് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടുകയായിരുന്നു. വസുന്ധര രാജെ നയിച്ചിരുന്ന മുൻ ബിജെപി സർക്കാർ 2017-ലാണ് സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി സവർക്കറെക്കുറിച്ച് ഒരു ഭാഗം പാഠപുസ്തകത്തിൽ ചേർത്തത്.

എന്നാൽ പിന്നീട് അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാർ ഇക്കഴിഞ്ഞ മാർച്ചിൽ ഒരു പാഠപുസ്തക പരിഷ്കരണ സമിതിയെ നിയോഗിക്കുകയുണ്ടായി. 80 ശതമാനം സിലബസും അതുപോലെ നിലനിർത്തുകയും 20 ശതമാനം പരിഷ്കരിക്കുകയുമാണ് സമിതിയുടെ ഉദ്ദേശമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

മുൻ ബിജെപി സർക്കാർ വിദ്യാഭ്യാസരംഗത്ത് കാവിവൽക്കരണവും രാഷ്ട്രീയവൽക്കരണവും നടത്തിയെന്ന് ഈ സമിതിയുടെ രൂപീകരണസമയത്ത് രാജസ്ഥാൻ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ സിങ് ദോത്തസാര പറഞ്ഞിരുന്നു.

പരിഷ്കരിച്ച പാഠപുസ്തകത്തിൽ സവർക്കറെ ‘വിനായക ദാമോദർ സവർക്കർ’ എന്നുമാത്രമാണ് വിശേഷിപ്പിക്കുന്നത്. 1857-ലെ ലഹളയെ പ്രഥമ സ്വാതന്ത്ര്യ സമരമെന്ന് ആദ്യമായി വിശേഷിപ്പിച്ചത് സവർക്കറാണെന്നും പുസ്തകത്തിൽ പറയുന്നു. ആൻഡമാൻ ജയിലിലെ പീഡനം സഹിക്കവയ്യാതെ വന്നപ്പോൾ സവർക്കർ ബ്രിട്ടീഷുകാർക്ക് നാലു മാപ്പപേക്ഷകൾ എഴുതിനൽകിയെന്നും ഈ മാപ്പപേക്ഷകൾ പരിഗണിച്ച
ബ്രിട്ടീഷ് സർക്കാർ 1921 മേയ് 2-നു, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും മാറിനിന്നുകൊള്ളാമെന്ന വ്യവസ്ഥയിന്മേൽ അദ്ദേഹത്തിനെ ജയിൽ മോചിതനാക്കിയെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പറയുകയും “രാഷ്ട്രീയത്തെ ഹൈന്ദവവൽക്കരിക്കുക, ഹിന്ദുത്വത്തെ സൈനികവൽക്കരിക്കുക” എന്ന മുദ്രാവാക്യമുയർത്തുകയും ചെയ്തയാളായിരുന്നു സവർക്കർ എന്നും പുസ്തകത്തിൽ പറയുന്നു. മഹാത്മാഗാന്ധിയെ വധിക്കുന്നതിനായിനാഥുറാം വിനായക് ഗോഡ്സേയുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും അയാളെ സഹായിക്കുകയും ചെയ്തതിനു പ്രതിയാക്കപ്പെട്ടയാളാണ് സവർക്കർ എന്നു പുസ്തകം പറയുന്നു. എന്നാൽ ഈ കേസിൽ സവർക്കറെ പിന്നീട് വെറുതെവിട്ട കാര്യവും പുസ്തകത്തിൽ പറയുന്നുണ്ട്.

പുതിയ പുസ്തകത്തിലെ ഈ മാറ്റങ്ങൾ ബിജെപിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. കൊൺഗ്രസ് സർക്കാരിന്റെ ഈ നീക്കങ്ങൾ ഹിന്ദുവിരുദ്ധമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി പറഞ്ഞു.