സംഘപരിവാറിലുണ്ടായ പൊട്ടിത്തെറികള്‍ക്ക് വെടിനിര്‍ത്തല്‍; ഒത്തുതീര്‍പ്പ് സ്വാമി ചിദാനന്ദപുരിയുടെ മധ്യസ്ഥതയില്‍

single-img
14 May 2019

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിലെ ഒരു വിഭാഗവും, റെഡി ടു വെയ്റ്റ് സംഘവും തമ്മിലുള്ള പോര്‍വിളിയ്ക്ക് വിരാമം. സമൂഹമാധ്യമങ്ങളില്‍ കൂടി മറനീക്കി പുറത്തുവന്ന ഭിന്നത കൂടുതല്‍ വലുതാകുന്നതിന് മുമ്പെ ആര്‍എസ്എസ് ഇടപെട്ട് ഒത്തുതീര്‍പ്പിന് വഴിയൊരുക്കി.

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുകയായിരുന്നു. ആചാര സംരക്ഷണത്തിനും ഹൈന്ദവ ഏകീകരണത്തിനും സുശക്തമായ ബാന്ധവമുണ്ടാകണമെന്ന് ചര്‍ച്ചയില്‍ ചിദാനന്ദപുരി ആവശ്യപ്പെട്ടു. ഒരേ ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന വ്യക്തികളും സംഘടനകളും തമ്മില്‍ ഐക്യമുണ്ടാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതോടെയാണ് സമവായത്തിന് വഴിതെളിഞ്ഞത്.

കേരളത്തിലെ ലോക്‌സഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ആര്‍ ഹരിക്കും ശബരിമല കര്‍മസമിതി നേതാവ് കെ.പി ശശികലയ്ക്കും എതിരെ റെഡി ടു വെയ്റ്റ് പ്രവര്‍ത്തകര്‍ പോര്‍വിളി തുടങ്ങിയത്. ആര്‍.ഹരി ശബരിമല വിഷയത്തിലെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചര്‍ച്ചകള്‍.

തുടക്കം മുതലെ ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂല നിലപാടായിരുന്നു ആര്‍. ഹരി അടക്കമുള്ള നേതാക്കള്‍ക്ക്. ഇതില്‍ റെഡി ടു വെയ്റ്റ് പ്രവര്‍ത്തകര്‍ക്കുള്ള അസംതൃപ്തിയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായത്. പിന്നാലെ തന്ത്രിമാരുമായും ആചാര്യന്മാരുമായും ആലോചിച്ച് ശബരിമലയിലെ ആചാരങ്ങളില്‍ മാറ്റം വരുത്താമെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു കൂടി പറഞ്ഞതോടെ ഭിന്നത രൂക്ഷമായി. പരസ്പരമുള്ള പോര്‍വിളികള്‍ ഫെയ്‌സ്ബുക്കില്‍ രൂക്ഷമായതോടെ കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ആര്‍എസ്എസ് നേതൃത്വം ഇടപെടുകയായിരുന്നു.