രാജ്‌മോഹന്‍ ഉണ്ണിത്താൻ്റെ അനുയായികള്‍ ഫോണിൽ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചു: പൃഥ്വിരാജിൻ്റെ ഭാര്യ രമാദേവി പരാതി നൽകി

single-img
14 May 2019

കാസര്‍കോട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹൻ ഉണ്ണിത്താനെതിരെ  കോണ്‍ഗ്രസ് കുണ്ടറ മുന്‍ ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി പൃഥ്വിരാജിന്റെ  ഭാര്യ രമാദേവി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അനുയായികള്‍ സ്ത്രീത്വത്തെ അപമാനിക്കുംവിധം ലൈംഗികച്ചുവയോടെ ഫോണില്‍ സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും  ഉണ്ണിത്താനെതിരെ നിയമനടപടിയെടുക്കണമെന്നും കാട്ടി കൊല്ലം റൂറല്‍ എസ്്പിക്കു നല്‍കിയ പരാതിയില്‍ രമാദേവി ആവശ്യപ്പെട്ടു

Donate to evartha to support Independent journalism

ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നതും തെറിവിളിക്കുന്നതുമായ  സംഭാഷണം റെക്കോഡ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞു. അതേസമയം പരാതിയില്‍ അന്വേഷണം നടത്താന്‍ റൂറല്‍ എസ്പി നിര്‍ദേശം നല്‍കി. കടം നല്‍കിയ പണം തിരികെ ചോദിച്ച് ഭര്‍ത്താവ്  പലതവണ വിളിച്ചെങ്കിലും ഉണ്ണിത്താന്‍ ഫോണെടുത്തില്ല. ഫോണ്‍ ബ്ലോക്ക് ചെയ്തു. അതിനുശേഷം തന്റെ ഫോണില്‍നിന്ന് വിളിച്ചപ്പോള്‍ എടുത്തുവെന്നും ഫോണ്‍ നമ്പര്‍ സഹായികള്‍ക്കു കൈമാറി. ഇവര്‍ പലതവണ തന്റെ ഫോണിലേക്ക് വിളിച്ച് തെറിയഭിഷേകം നടത്തിയെന്നും അവർ പറഞ്ഞു.

പൃഥ്വിരാജിനെതിരായ സാമ്പത്തികാരോപണത്തിനു പിന്നില്‍  കൃത്യമായ അജന്‍ഡയുണ്ടെന്നും അവര്‍ പറഞ്ഞു. ഉണ്ണിത്താനുമായി രാഷ്ട്രീയസൗഹൃദം സൂക്ഷിച്ചിരുന്നയാളാണ് തന്റെ ഭര്‍ത്താവ്.  ഉണ്ണിത്താന് കാസര്‍കോട്ട് പോകാന്‍ പണമില്ലെന്നു പറഞ്ഞപ്പോള്‍ പലരുടെ കൈയില്‍നിന്നു സമാഹരിച്ചു പണം നല്‍കി. മകളുടെ എസ്എസ്എല്‍സി പരീക്ഷയില്‍പോലും ശ്രദ്ധിക്കാതെ കാസര്‍കോട്  പോയ ആളിനെ കള്ളനാക്കാനാണ് ഉണ്ണിത്താന്‍ ശ്രമിക്കുന്നതെന്നും രമാദേവി പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ കാണാതായെന്ന് കാണിച്ച് പൃഥ്വിരാജിനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആരോപണം നിഷേധിച്ച് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു.