കമലഹാസൻ്റെ നാക്കരിയണം: കൊലവിളി പ്രസംഗവുമായി മോദിയെ ഡാഡി എന്നു വിളിച്ച തമിഴ്നാട് മന്ത്രി

single-img
14 May 2019

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട് മന്ത്രിയുടെ കൊലവിളി പ്രസംഗം. കമല്‍ഹാസന്റെ നാക്കരിയണമെന്ന് തമിഴ്‌നാട് മന്ത്രിയായ കെ ടി രാജേന്ദ്ര ബാലാജി പറഞ്ഞു.

കമല്‍ഹാസന്റെ നാക്കരിയണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു ആയിരുന്നെന്ന് അയാള്‍ പറയുന്നു. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നുമില്ല. അയാള്‍ അഭിനയിക്കുകയാണ്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്- ക്ഷീരവകുപ്പ് മന്ത്രി രാജേന്ദ്ര ബാലാജി പറഞ്ഞു.

വിവാദ പരാമര്‍ശം നടത്തിയ കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് വിലക്കേര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കമലിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട് മന്ത്രി.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ ഡാഡി എന്ന് വിളിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് എഐഎഡിഎംകെ മന്ത്രി കെ ടി രാജേന്ദ്ര ബാലാജി. ജയലളിതയുടെ മരണശേഷം എഐഎഡിഎംകെയെ നയിച്ചത് മോദിയാണെന്നും ബാലാജി പാര്‍ട്ടി സമ്മേളനത്തില്‍ പറഞ്ഞിരുന്നു.