വ്യത്യസ്തമായി പ്രതിഷേധിച്ച പൊള്ളാര്‍ഡിന് കിട്ടിയത് ‘എട്ടിന്റെ പണി’; വീഡിയോ

single-img
14 May 2019

ഐ.പി.എല്‍ ഫൈനല്‍ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് അതൃപ്തി പ്രകടിപ്പിച്ച മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡിന് പിഴശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനമാണ് പൊള്ളാര്‍ഡിന് പിഴയായി വിധിച്ചത്. ഐ.പി.എല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ലെവല്‍ ഒന്നില്‍ ഉള്‍പ്പെടുന്ന കുറ്റമാണ് പൊള്ളാര്‍ഡിനെതിരേ ചുമത്തിയിരിക്കുന്നത്.

ഫൈനല്‍ മത്സരത്തിന്റെ അവസാന ഓവറില്‍ വൈഡ് വിളിക്കാന്‍ വിസമ്മതിച്ച അമ്പയറോടായിരുന്നു പൊള്ളാര്‍ഡിന്റെ പ്രതിഷേധം. അവസാന ഓവറിലെ രണ്ടാം പന്തില്‍ ബ്രാവോ വൈഡ് ബോളെറിഞ്ഞുവെങ്കിലും പൊള്ളാര്‍ഡ് ഓഫ് സൈഡിലേക്ക് നീങ്ങിയതിനാല്‍ അമ്പയര്‍ വൈഡ് നല്‍കിയില്ല.

പിന്നീട് മൂന്നാം ബോളിലും ബ്രാവോ വൈഡെറിഞ്ഞു. പൊള്ളാര്‍ഡ് ക്രീസില്‍ തന്നെ നിന്നുവെങ്കിലും അമ്പയര്‍ വൈഡ് നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നായിരുന്നു പൊള്ളാര്‍ഡിന്റെ പ്രതിഷേധം. നാലാം ബോള്‍ എറിയുന്നതിനു മുന്‍പ് ഓഫ് സൈഡിലെ വൈഡ് വരയില്‍ നിന്ന പൊള്ളാര്‍ഡ് ബ്രാവോ പന്തെറിയുന്നതിനു മുന്‍പ് മാറിയതിനെത്തുടര്‍ന്ന് ബ്രാവോയ്ക്ക് ആ പന്ത് വീണ്ടും എറിയേണ്ടി വന്നു.

ഇതോടെ അമ്പയര്‍മാരായ നിധിനും ഇയാന്‍ ഗൗള്‍ഡും പൊള്ളാര്‍ഡിനടുത്തെത്തി താരത്തെ താക്കീത് ചെയ്യുകയും ചെയ്തു. കാര്യമന്വേഷിച്ച അമ്പയര്‍മാരോട് വൈഡ് വിളിക്കാത്തതിലുള്ള പ്രതിഷേധമാണ് ഇതെന്ന് താരം തുറന്നടിച്ചു. മത്സരത്തില്‍ 25 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത പൊള്ളാര്‍ഡായിരുന്നു മുബൈയുടെ ടോപ് സ്‌കോറര്‍. മത്സരത്തില്‍ ചെന്നൈയെ ഒരു റണ്ണിന് തോല്‍പ്പിച്ച് മുംബൈ തങ്ങളുടെ നാലാം ഐ.പി.എല്‍ കിരീടം സ്വന്തമാക്കുകയും ചെയ്തു.