`ഇതുവലിയ സംഭവമാക്കേണ്ട, ഞാൻ ഇലഞ്ഞിത്തറേലുണ്ടാവും´: ആശുപത്രി കിടക്കയിലും പൂര സാന്നിദ്ധ്യം ആഗ്രഹിച്ച് പെരുവനം

single-img
14 May 2019

പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പെരുവനം കുട്ടന്‍മാരാരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആശങ്ക പരത്തി. എന്നാൽ ഇലഞ്ഞിത്തറമേളത്തിന്റെ മേളപ്രമാണിയായി അദ്ദേഹത്തെ കണ്ടതോടെയാണ് പൂരപ്രേമികളുടെ ആശങ്കയ്ക്ക് അവസാനമായത്.

ആശുപത്രിയിലെ കാഷ്വാലിറ്റി ഐസിയുവിലാണ് കുട്ടൻമാരാരെ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രി കിടക്കയിയിലും ഉത്സാഹഭരിതനായിരുന്നു അദ്ദേഹം. ‘കുഴപ്പമൊന്നുമില്ലെടോ, ഇപ്പോ ഇറങ്ങും ഇലഞ്ഞിത്തറേലുണ്ടാവും. ഇതു വല്യ സംഭവാക്കണ്ട’- എന്നായിരുന്നു ആശുപത്രിക്കിടക്കയിൽ വച്ച് അദ്ദേഹത്തിൻ്റെ പ്രതികരണം.

തുടർന്ന് പെരുവനം  പൂര സന്നിധിയിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടന്‍മാരാരുടെ മകന്‍ അപ്പുവും മന്ത്രി വി.എസ്. സുനില്‍കുമാറും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നിറങ്ങുമ്പോഴേക്കും കലക്ടറുമെത്തി. ഇലഞ്ഞിത്തറയുടെ സമീപത്ത് ആംബുലന്‍സും കാര്‍ഡിയോളജിസ്റ്റ് അടക്കമുള്ള ഡോക്ടര്‍മാരും തയ്യാറാണെന്നറിയിച്ചു

പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിനു പ്രമാണിത്തം വഹിക്കുമ്പോഴാണു പെരുവനം കുട്ടന്‍മാരാര്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായത്. ചെണ്ട നിലത്തുവച്ചു പിന്നോട്ടൊന്നാഞ്ഞു. മകന്‍ അപ്പുവടക്കം ചുറ്റുമുള്ളവര്‍ താങ്ങി. മേളത്തിന് ഭംഗംവരാതെ കുട്ടന്‍മാരാരുടെ ഇടം, വലം കൈകളായ  കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശന്‍മാരാരും മുന്നോട്ടുകൊണ്ടുപോയി. നടപ്പാണ്ടി കൊട്ടി ഇലഞ്ഞിത്തറയിലേക്ക് അവര്‍ നീങ്ങുമ്പോള്‍ മേളപ്രമാണി പെരുവനം ആശുപത്രിയിലായിരുന്നു.

പ്രമാണം കൈമാറിയിട്ടാണോയെന്നു ചോദിച്ചപ്പോള്‍ മേളത്തുടര്‍ച്ചയെക്കുറിച്ചു സംശയമേതുമില്ലാതെ കുട്ടന്‍മാരാരാര്‍ പറഞ്ഞു: അതൊക്കെ അവരു നോക്കിക്കോളും.