ബാങ്കിന്റെ ജപ്തിയ്ക്കിടെ ആത്മഹത്യ: വൈഷ്ണവിയ്ക് പിന്നാലെ അമ്മ ലേഖയും മരിച്ചു

single-img
14 May 2019

തിരുവനന്തപുരം: ബാങ്കിന്‍റെ ജപ്തി നടപടിക്കിടെ ശരീരത്തിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശം ലേഖ (40) മരിച്ചു. ലേഖയുടെ മകൾ വൈഷ്ണവി (19) രാവിലെ മരിച്ചിരുന്നു. ഇരുവരും ഒരുമിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റതായി നേരത്തേ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം.

ഇന്ന് ഉച്ചയ്ക്ക്  മൂന്ന് മണിയോടെ ആയിരുന്നു സംഭവം. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയത്. ലേഖയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കാനറ ബാങ്കിന്റെ നെയ്യാറ്റിന്‍കര ബ്രാഞ്ചില്‍നിന്ന് കുടുംബം വീട് വയ്ക്കുന്നതിന് 5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നതായി ലേഖയുടെ  ഭര്‍ത്താവ് പറയുന്നു. 8 ലക്ഷം തിരികെ അടച്ചതായും 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വീട് ജപ്തി ചെയ്യാനിരിക്കെയാണ് ഇരുവരും തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നു ബാങ്കിനു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടി. നെയ്യാറ്റിന്‍കര-കാരക്കോണം റോഡ് നാട്ടുകാര്‍ ഉപരോധിച്ചു.

ലേഖയുടെ ഭര്‍ത്താവ് മരപ്പണിക്കാരനാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ചൊവ്വാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

സംഭവത്തിൽ കാനറ ബാങ്കിന്‍റെ നെയ്യാറ്റിന്‍കര മാരായമുട്ടം ബ്രാഞ്ച് മാനേജര്‍ക്കെതിരെ കേസെടുക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്‍റെ നടപടിയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ രംഗത്തു വന്നതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും പൊലീസ് മൊഴി എടുത്തു.  പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ബാങ്കുകളോടും ജപ്തി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.