കേവല ഭൂരിപക്ഷ പ്രതീക്ഷ നഷ്ടപ്പെട്ട് ബി.ജെ.പി; അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമവും പാളുന്നു

single-img
14 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി നേടിയിരുന്നു.

എന്നാല്‍ ഇത്തവണ പലയിടത്തും രൂപീകരിക്കപ്പെട്ട ബി.ജെ.പി വിരുദ്ധ സഖ്യങ്ങള്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. യു.പിയിലെ എസ്.പി ബി.എസ്.പി സഖ്യം, ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനുണ്ടായ വളര്‍ച്ച എന്നിവയെല്ലാം ഇത്തവണ ബി.ജെ.പിയുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

യു.പിയില്‍ 55ല്‍ കൂടുതല്‍ സീറ്റുകള്‍ നേടാനാകില്ലെന്നാണ് ബി.ജെ.പിയുടെ തന്നെ ആഭ്യന്തര വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ ചേര്‍ത്ത് നിര്‍ത്തി അധികാരം നിലനിര്‍ത്താനാണ് ബി.ജെ.പി നീക്കം.

അതിനിടെ, കേന്ദ്രത്തില്‍ അധികാരം പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളും പാളുന്നു. മെയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കളാണ് പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

നേതാക്കളെ ചര്‍ച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളി. കോണ്‍ഗ്രസിനോട് അകലം പാലിക്കുക എന്ന നയമാണ് മൂന്ന് പ്രതിപക്ഷ പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പദം കോണ്‍ഗ്രസിന് ലഭിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നാണ് വിവരം.

മായാവതിക്കും, മമതാ ബാനര്‍ജിക്കും പ്രധാനമന്ത്രി പദത്തിലേക്ക് നോട്ടമുണ്ട്. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത്തരമൊരു നയം സ്വീകരിക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാക്കും. കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള നീക്കമായി ഇതിനെ കാണുന്നുണ്ട്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കര്‍ണാടക മോഡലില്‍ സര്‍ക്കാരില്‍ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.