ഞാൻ എഞ്ചിനീയർ: നരേന്ദ്ര മോദി 1992-ൽ കന്നഡ ടാബ്ലോയിഡിനു നൽകിയ അഭിമുഖം പുറത്ത്

single-img
14 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖങ്ങളിലെ നുണകളും അബദ്ധങ്ങളും ചർച്ചയാകുമ്പോൾ 1992-ൽ ഒരു കന്നഡ ടാബ്ലോയിഡിനു മോദി നൽകിയ അഭിമുഖം പുറത്ത്. തനിക്ക് എഞ്ചിനീയറിംഗ് ബിരുദമുണ്ടെന്നും ബിജെപിയിലെ സാമ്പത്തീക കാര്യമടക്കമുള്ള എല്ലാ സുപ്രധാന നയപരമായ തീരുമാനങ്ങളും താനാണെടുത്തതെന്നും മോദി അവകാശപ്പെടുന്ന അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായത്.

മുൻ കോബ്രാ പോസ്റ്റ് റിപ്പോർട്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ രാജാ ചൌധരി നടത്തുന്ന “ഇൻഡ് വെസ്റ്റിഗേഷൻസ്” എന്ന അന്വേഷണാത്മകമാധ്യമ സ്ഥാപനമാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജ് വഴി ഈ ടാബ്ലോയിഡ് അഭിമുഖത്തിന്റെ കോപ്പി പുറത്തുവിട്ടത്.

കന്നട പത്രമായ ഉദയവാണിയുടെ ടാബ്ലോയിഡ് പതിപ്പായ ‘തരംഗ’യാണ് മോദിയുടെ അഭിമുഖം 1992 ല്‍ പ്രസിദ്ധീകരിച്ചത്. താൻ ഒരു അവിവാഹിതനാണെന്നാണ് ഈ അഭിമുഖത്തിൽ മോദിയുടെ മറ്റൊരു അവകാശവാദം.

നാല്‍പത് വയസിന് മുമ്പേ താന്‍ ഗുജറാത്ത് ബിജെപി അദ്ധ്യക്ഷനായിരുന്നെന്നും ഗുജറാത്തിലെ ബിജെപിയുടെ വിജയത്തിന്‍റെ ആണിക്കല്ല് താനാണെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നുണ്ട്. 1974 ല്‍ ജയപ്രകാശ് നാരായണന്‍ ആരംഭിച്ച നവനിര്‍മ്മാണ സേനയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും മോദി കന്നഡ ടാബ്ലോയിഡിനോട്  പറയുന്നു.

കഴിഞ്ഞ ദിവസം ന്യൂസ് നേഷനു നൽകിയ അഭിമുഖത്തിൽ തന്റെ നിര്‍ദ്ദേശപ്രകാരമാണ് ആകാശം മേഘാവൃതമായ സമയത്ത് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് എന്നും മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും മോദി പറഞ്ഞത് വിവാദമായിരുന്നു.

ഇതിന് പിന്നാലെയാണ് താന്‍ 1988 ല്‍ ഡിജിറ്റല്‍ ക്യാമറയില്‍ അദ്വാനിയുടെ ഫോട്ടോയെടുത്ത് ഇ-മെയില്‍ വഴി ദില്ലിക്കയച്ചെന്നും പിറ്റേന്നത്തെ പത്രത്തില്‍ അത് കളറില്‍ അച്ചടിച്ച് വന്നെന്നും മോദി പറയുന്നത്. ഇതും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകൾക്ക് വഴിവെച്ചിരുന്നു. മോദിയെ അസാധാരണ നുണയന്‍ (the incredible liar) എന്ന് വരെ സാമൂഹ്യമാധ്യമങ്ങള്‍ വിളിച്ചു തുടങ്ങുകയും ചെയ്തു.