മോദിയുടെ ‘മേഘ സിദ്ധാന്തം’ ബിജെപിക്ക് വരുത്തിയത് വന്‍ നാണക്കേട്; ഗൂഗിളില്‍ തിരഞ്ഞ് ലോകരാജ്യങ്ങള്‍

single-img
14 May 2019

മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്റെ റഡാറുകളില്‍ നിന്ന് ഇന്ത്യയുടെ പോര്‍വിമാനങ്ങള്‍ക്ക് രക്ഷനേടാമെന്ന തന്ത്രം താനാണ് പറഞ്ഞുകൊടുത്തതെന്ന നരേന്ദ്രമോദിയുടെ പ്രസ്താവന ബിജെപിക്ക് വലിയ പൊല്ലാപ്പാണ് വരുത്തിവെച്ചത്. പ്രധാനമന്ത്രിയുെട ഈ ‘മേഘ സിദ്ധാന്തം’ വ്യാപക പരിഹാസത്തിന് ഇടയാക്കിയതിന് പിന്നാലെ ഇത് സംബന്ധിച്ച ട്വീറ്റ് പിന്‍വലിച്ച് ബി.ജെ.പി തടിതപ്പിയിരുന്നു.

എന്നാല്‍ മോദിയുടെ ‘ക്ലൗഡ് റഡാര്‍ തിയറി’ തേടി ലോകശക്തികള്‍, രംഗത്തെത്തിയത് ബിജെപിക്ക് വീണ്ടും തലവേദനയായി. പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന മേയ് 11 രാത്രി 9.30 മുതല്‍ ക്ലൗഡ് റഡാര്‍, മോദി റഡാര്‍, മോദി ക്ലൗഡ് എന്നീ വിഷയങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ട്രന്റിങ്ങില്‍ ഉണ്ട്.

അതേസമയം, മോദിയുടെ ക്ലൗഡ് റഡാര്‍ തിയറി ഗൂഗിളില്‍ തിരയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യാക്കാരല്ല എന്നതാണ് ഏറെ ശ്രദ്ധേയം. പോര്‍വിമാനം നിര്‍മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സ്, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദിയുടെ ക്ലൗഡ് തിയറി കാര്യമായി തിരച്ചില്‍ നടത്തിയിരിക്കുന്നത്.

മോദിയുടെ ‘മേഘ സിദ്ധാന്തം’ അന്വേഷിച്ചതില്‍ പോളണ്ട്, ഓസ്‌ട്രേലിയ, യുകെ, ജര്‍മ്മനി, സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളും പട്ടികയില്‍ ഉണ്ട്. ഇതില്‍ ഇന്ത്യ എട്ടാമതാണ്. അതേസമയം റഡാറുകളുടെ നിരീക്ഷണത്തില്‍ കാലവസ്ഥയ്ക്ക് ഒരു സ്വധീനവും ഇല്ലെന്നാണ് വിദ്ഗദരുടെ അഭിപ്രായം.