മാതൃഭൂമി ചർച്ചയിൽ എഎ റഹീമും വിവി രാജേഷും തമ്മിൽ വാക്പോര്; ഉത്തരം മുട്ടിയ വിവി രാജേഷിനോട് `ഞാൻ നിങ്ങളെ രക്ഷിക്കട്ടെ´ എന്ന് അവതാരകൻ

single-img
14 May 2019

ബാലക്കോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിൻ്റ അടിസ്ഥാനത്തിൽ നടത്തിയ മതൃഭൂമി ന്യുസിൻ്റെ ചർച്ചയിൽ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡൻ്റ് എഎ റഹീമും ബിജെപി നേതാവ് വിവി രാജേഷും തമ്മിൽ വാക്പോര്. വാക്പോരിനിടയിൽ ഉത്തരം മുട്ടിയ വിവി രാജേഷിനോട് `ഞാൻ നിങ്ങളെ രക്ഷിക്കട്ടെ´ എന്നു ചോദിച്ച് അവതാരകനായ വേണു ബാലകൃഷ്ണൻ്റെ ഇടപെടൽ.

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശം പ്രസംഗം വിവർത്തനം ചെയ്തു കൊണ്ടാണ് വിവി രാജേഷ് ചർച്ചയ്ക്കു തുടക്കമിട്ടത്. മേഘങ്ങൾ റഡാറിൽ നിന്നും വിമാനങ്ങളെ മറയ്ക്കുമെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും മാധ്യമങ്ങൾ അത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും രാജേഷ് പറഞ്ഞു.

അതിനെ ഖണ്ഡിച്ചുകൊണ്ട് എഎ റഹീം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൻ്റെ സംക്ഷിപ്ത രൂപം ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിൽ നിന്നും പിൻവലിച്ചതെന്തിനാണെന്നു റഹീം ചോദിച്ചു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെപ്പറ്റി സംസാരിക്കുവാനാണ് വിവി രാജേഷ് ആവശ്യപ്പെടുന്നത്. താൻ ചോദിച്ച ചോദ്യത്തിൽ റഹീം ഉറച്ചു നിൽക്കുന്നതോടെ രാജേഷ് `ഫേസ്ബുക്കും ട്വിറ്ററും പാർട്ടിയുടെ……´ എന്ന രീതിയിൽ എന്തോ പറയുവാൻ ശ്രമിക്കുന്നുണ്ട്.

ഈ അവസരത്തിലാണ് ചർച്ചയുടെ അവതാരകനായ വേണു ബാലകൃഷ്ണൻ `ഞാൻ താങ്കളെ രക്ഷിക്കട്ടെ´ എന്ന ചോദ്യവുമായി രംഗത്തെത്തുന്നത്. എന്നാൽ എന്നെ രക്ഷിക്കുവാൻ വേണ്ടി എൻ്റെ പാർട്ടിയും ആദർശവുമുണ്ടെന്നും താങ്കൾ എന്നെ രക്ഷിക്കേണ്ടെന്നും വിവി രാജേഷ് പറയുന്നു. ആ വീഡിയോ പിൻവലിച്ചിട്ടില്ലെന്നു കൂടി വേണു ചർച്ചയിൽ രാജേഷിനെ ഒാർമ്മപ്പെടുത്തുന്നുണ്ട്.