‘തള്ളല്ല, തള്ളല്ല’ എന്നു പറയാം; പക്ഷേ, ഒന്നൊന്നര തള്ളാണ്…!

single-img
14 May 2019

ശ്രീനിവാസനും മകന്‍ ധ്യാനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രം കുട്ടിമാമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘പാടേ തള്ളണ്ടാ ചൊല്ലുന്ന കാര്യം’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വിനീത് ശ്രീനിവാസനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് അച്ചു രാജാമണി ആണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി.എം വിനുവാണ്.

മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബ്ലെസ്സി ചിത്രമായ തന്മാത്രയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിച്ചിരുന്ന മീര വാസുദേവിന്റെ തിരിച്ചുവരവ് കൂടിയാണ് ചിത്രം. ഒരു ഫാമിലി എന്റെര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമയിലെ ശ്രീനിവാസന്റെ പട്ടാളക്കാരന്‍ കഥാപാത്രം നാട്ടുകാരോട് പാട്ടാളത്തിലായിരുന്നപ്പോഴത്തെ വീരസാഹസ പ്രവര്‍ത്തികള്‍ പറയുന്നതും, നാട്ടുകാരുടെ ആഘോഷവുമൊക്കെയാണു ഗാനത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ ശ്രീനിവാസനൊപ്പം മകന്‍ ധ്യാനും വേഷമിടുന്നുണ്ട്.

നിര്‍മല്‍ പാലാഴി, വിശാഖ്, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ് കോവൂര്‍ എന്നിവരും ‘കുട്ടിമാമ’യില്‍ വേഷമിടുന്നു. കോമഡി എന്റര്‍ടെയ്‌നറായ ചിത്രം മെയ് 17നു തീയറ്ററുകളിലെത്തും.

https://www.youtube.com/watch?v=uCm1BwRx9nY