രഞ്ജിത് ജോണ്‍സണ്‍ വധക്കേസ്: ജീവപര്യന്തം വിധിച്ചിട്ടും കോടതിയില്‍ ചിരിയും കളിയുമായി പ്രതികള്‍; അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐക്ക് മുഴുവന്‍ സമയവും ഗണ്‍മാനെ ഏര്‍പ്പെടുത്തി

single-img
14 May 2019

പേരൂര്‍ രഞ്ജിത് ജോണ്‍സണ്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2018 ഓഗസ്റ്റ് 15 നാണ് പേരൂര്‍ സ്വദേശി രഞ്ജിത്തിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിന്റെ അമ്മ ട്രീസ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കിളികൊല്ലൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് കോടതി വിധി.

ജീവപര്യന്തത്തിനു പുറമേ കുറ്റക്കാര്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. നേരത്തെ, പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായിരുന്നു. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം തിരുനെല്‍വേലിക്ക് സമീപം സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കടിയില്‍ കുഴിച്ചിട്ടു. ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രധാന പ്രതി ഉണ്ണിയെ ഷാഡോ സംഘമാണ് പിടികൂടിയത്.

അതേസമയം, കേസില്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചിട്ടും ഏഴു പ്രതികള്‍ക്കും ഭാവമാറ്റമുണ്ടായില്ല. പതിവുപോലെ ചിരിച്ചുകളിച്ചാണ് അവര്‍ ഇന്നലെ കോടതിവരാന്തയില്‍ നിന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അശ്ലീലമുദ്രകള്‍ കാട്ടാനും ശ്രമിച്ചു. വിചാരണ തുടങ്ങിയ അന്നുമുതല്‍ ചിരിച്ചുകളിച്ചാണ് പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നത്.

പ്രതികള്‍ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമം ഉള്‍പ്പടെ നിരവധി സംഭവങ്ങള്‍ ഈ കാലയളവില്‍ അരങ്ങേറിയിരുന്നു. ഏഴ് പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട കൊടുംകുറ്റവാളികളാണ്. രണ്ടാംപ്രതി രഞ്ജിത്ത് 19 കേസില്‍ പ്രതിയാണ്. രണ്ട് വര്‍ഷം മുമ്പ് നെടുമങ്ങാട് സ്വദേശിയെ ആശുപത്രിയില്‍ കയറി വെട്ടിക്കൊന്ന കേസും ഇതില്‍പെടും.

മുമ്പ് കഞ്ചാവ് കേസില്‍ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രണവിനെതിരെ മയക്കുമരുന്ന് ആംപ്യൂളുകള്‍ കടത്തിയ കേസില്‍ 20ന് വിചാരണ ആരംഭിക്കും. കാട്ടുണ്ണി, കൈതപ്പുഴ ഉണ്ണി, കുക്കുപ്രണവ്, വിനേഷ് എന്നിവര്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു.

അതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ഐ വി. അനില്‍കുമാറിന് സുരക്ഷാഭീഷണി കണക്കിലെടുത്ത് മുഴുവന്‍ സമയവും ഗണ്‍മാനെ ഏര്‍പ്പെടുത്തി. അനില്‍കുമാറിന്റെ അന്വേഷണമികവാണ് ഊരിപ്പോകാനാകാത്തവിധം പ്രതികളെ കുടുക്കിയത്. എസ്.ഐയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടെന്നന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

കടപ്പാട്: മാധ്യമം