പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാര സമര്‍പ്പണം ജൂണ്‍ 1 ന് • ഇ വാർത്ത | evartha
Local News

പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാര സമര്‍പ്പണം ജൂണ്‍ 1 ന്

പാലാ: കഴിഞ്ഞ വര്‍ഷം അന്തരിച്ച പാലായിലെ യുവ മാധ്യമ പ്രവര്‍ത്തകനും മീനച്ചില്‍ താലൂക്ക് പ്രാദേശിക പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡന്റുമായിരുന്ന ആന്‍റോ നെല്ലിക്കുന്നേലിന്റെ സ്മരണാര്‍ത്ഥം എന്‍ എഫ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ മികച്ച മാധ്യമ റിപ്പോര്‍ട്ടിംഗിന് എല്ലാ വര്‍ഷവും പുരസ്കാരം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു .

5001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ഗോപീകൃഷ്ണനും മരിയന്‍ ജോര്‍ജ്ജ്, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുക.

പ്രഥമ ആന്‍റോ നെല്ലിക്കുന്നേല്‍ മാധ്യമ പുരസ്കാരം ഈ വര്‍ഷം ജൂണ്‍ 1 ന് രാവിലെ 11 മണിക്ക് ഇടമറ്റം സെന്റ്‌ മൈക്കിള്‍സ് പാരിഷ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യുവ നിയമസഭാ സാമാജികന്‍ കെ എസ് ശബരീനാഥന്‍ എം എല്‍ എ സമ്മാനിക്കും. പാലാ ബിഷപ്പ് മാര്‍ ജേക്കബ്ബ് മുരിക്കന്‍ അധ്യക്ഷത വഹിക്കും.

കഴിഞ്ഞ മെയ് 30 നായിരുന്നു മഞ്ഞപ്പിത്ത ബാധയെതുടര്‍ന്ന്‍ ആന്‍റോയുടെ മരണം. ഒന്നര ദശാബ്ദക്കാലം കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. ചില പ്രാദേശിക ചാനലുകളില്‍ റിപ്പോര്‍ട്ടറായും വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചിരുന്നു.