സിപിഎമ്മിന് വൻ തിരിച്ചടി: പെരിയ ഇരട്ടക്കൊല പാതക കേസില്‍ രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിൽ

single-img
14 May 2019

പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു സിപിഎം നേതാക്കൾ അറസ്റ്റിൽ. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠനും പെരിയ ലോക്കൽ സെക്രട്ടറി എം. ബാലകൃഷ്ണനുമാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിച്ച കേസിനാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രാവിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്.

കല്യോട്ട് വെച്ചുണ്ടായ കൊലപാതകത്തിനു ശേഷം പ്രതികൾ ഉദുമയ്ക്കടുത്തുള്ള വെളുത്തോളിയിൽ എത്തുകയും ഉദുമ ഏരിയാ സെക്രട്ടറി മണികണ്ഠനുമായി ബന്ധപ്പെടുകയും ചെയ്തു എന്നാണ് വ്യക്തമായിരിക്കുന്നത്. തുടർന്ന് മണികണ്ഠനും ബാലകൃഷ്ണനും ചേർന്ന് പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിനും ആയുധങ്ങൾ ഒളിപ്പിക്കുന്നതിനും സഹായം ചെയ്യുകയും വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കത്തിച്ചുകളയുകയും ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

പെരിയ കൊലപാതകം സംബന്ധിച്ച കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ്. കൊലപാതകം, ഗൂഢാലോചന എന്നിവയ്ക്ക് വ്യത്യസ്ത കുറ്റപത്രങ്ങൾ സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നതെന്നാണ് സൂചന.

പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം സിബിഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി മേയ് 25ന് പരിഗണിക്കുന്നുണ്ട്. ഇതിനു മുൻപായി കുറ്റപത്രം സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പ്രതികളുടെ അറസ്റ്റിലേയ്ക്ക് നീങ്ങിയിരിക്കുന്നതെന്നാണ് സൂചന.