തെരഞ്ഞെടുപ്പിന് ശേഷം നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക്: കെസി വേണുഗോപാല്‍

single-img
14 May 2019

നാടകീയ നീക്കങ്ങള്‍കൊണ്ടും രാഷ്ട്രീയ അസ്ഥിരതകൊണ്ടും കുതിരക്കച്ചവടംകൊണ്ടും കര്‍ണാടക പോലെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ മറ്റൊരു ഇന്ത്യന്‍ സംസ്ഥാനമില്ല. മേയ് 23ന് രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാനിരിക്കെ, ആകാംക്ഷയിലും ആശങ്കയിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിലാണ് കര്‍ണാടക.

നൂല്‍പ്പാലത്തിലൂടെ മുന്നേറുന്ന കര്‍ണാടകയിലെ ജനതാദള്‍ എസ് കോണ്‍ഗ്രസ് സഖ്യകക്ഷി സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പു ഫലം. നടന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പാണെങ്കിലും കര്‍ണാടകയിലെ തിരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തേക്കാള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ഗതിവിഗതികളെയാകും സ്വാധീനിക്കുക.

കര്‍ണാടക രാഷ്ട്രീയത്തിലെ ത്രിമൂര്‍ത്തികളായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബി.എസ്. യെഡിയൂരപ്പ എന്നിവരുടെ രാഷ്ട്രീയ ഭാവിയെപ്പോലും സ്വാധീനിക്കും, ഈ ഫലം. ഇത്തവണത്തെ ഫലപ്രഖ്യാപനത്തോടെ കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനെ താഴെയിറക്കാനുള്ള ‘ഓപ്പറേഷന്‍ താമര’ പദ്ധതി വീണ്ടും സജീവമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെഡിയൂരപ്പ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. മേയ് 24നു താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് ശിവമൊഗ്ഗയില്‍ വോട്ട് ചെയ്തശേഷം യെഡിയൂരപ്പ പ്രതികരിച്ചത്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാടകയിലെ നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ല.

സ്വാഭാവികമായി എം.എല്‍.എമാര്‍ നമ്മുടെ പാളയത്തിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരുവര്‍ഷമായി കര്‍ണാടക ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ജെ.ഡി.എസും കോണ്‍ഗ്രസും ഇവിടെ സഖ്യമായി മുന്നോട്ട് പോകുന്നു. ഞങ്ങള്‍ ഒരു വര്‍ഷമായി ഇവിടെ ഭരിക്കുന്നു. അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കര്‍ണ്ണാടകയിലെ പത്ത് ബി.ജെ.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹ്മദ് ഖാന്‍ വെളിപ്പെടുത്തിയതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. സിദ്ധരാമയ്യ 13 ബി.ജെ.പി എം.എല്‍.എമാരുമായും ഏഴ് ജെ.ഡി.എസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനായി 20 എം.എല്‍.എമാരുടെ പിന്തുണയാണ് സിദ്ധരാമയ്യ തേടുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ജെ.ഡി.എസ് എം.എല്‍.എമാരായ കെ. മഹാദേവ, സുരേഷ് ഗൗഡ, നാരായണ ഗൗഡ, രവീന്ദ്ര ശ്രീകാന്തയ്യ, അവിനാഷ് കുമാര്‍ എന്നിവരടക്കമുള്ളവരുമായാണ് ചര്‍ച്ചയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഉത്തര കര്‍ണാടകയിലെ 13 ബി.ജെ.പി എം.എല്‍.എമാരെയാണ് സിദ്ധരാമയ്യ ലക്ഷ്യമിടുന്നതെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ ബഗാല്‍ക്കോട്ടില്‍ സിദ്ധരാമയ്യയുടെ ആളുകളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് സിദ്ധരാമയ്യ പണവും മത്സരിക്കാന്‍ സീറ്റും വാഗ്ദാനം ചെയ്തതായി ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.