സ്​ത്രീകൾ പ്രതിഷ്ഠ നടത്തുന്നത്​ ആചാരവിരുദ്ധമെന്ന് ആചാര സംരക്ഷകർ; ക്ഷേത്രമിരിക്കുന്ന സ്വന്തം ഭൂമിയിൽ ഇഷ്ടമുള്ളത് ചെയ്യുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ: തിരുവനന്തപുരത്ത് ഒമ്പത് വയസ്സുകാരി നിരഞ്ജന ശനീശ്വരവിഗ്രഹ പ്രതിഷ്ഠ നടത്തി

single-img
14 May 2019

പതിവിനു വിരുദ്ധമായി തിരുവനന്തപുരം ജില്ലയിൽ ക്ഷേത്ര പ്രതിഷ്ഠ നടത്തി ബാലിക. സ്ത്രീകൾ പ്രതിഷ്ഠ നടത്തുന്നത് ആചാരമല്ലെന്ന വാദം ഉയർത്തി ആചാര സംരക്ഷകർ എതിർപ്പുമായി എത്തിയപ്പോഴാണ് അതിനെയെല്ലാം അവഗണിച്ച് ബാലിക പ്രതിഷ്ഠ നടത്തിയത്.

ചിറയിന്‍കീഴ് ആനത്തലവട്ടം ശനീശ്വര ഭദ്രകാളി ദേവസ്ഥാനത്ത്​ ശനീശ്വരവിഗ്രഹപ്രതിഷ്ഠ നടത്തിയത് ഒമ്പത് വയസ്സുകാരി നിരഞ്ജനയാണ്. ഒമ്പത് ദിവസത്തെ പൂജകൾക്കൊടുവിൽ പിതാവ്​ അനിലന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷ്ഠാചടങ്ങ് നടന്നത്.

ക്ഷേത്രങ്ങളിൽ സ്​ത്രീകൾ പ്രതിഷ്ഠ നടത്തുന്നത്​ ആചാരവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച് ചിലർ എതിർപ്പുമായി രം​ഗത്തുവന്നിരുന്നു. എന്നാല്‍, ട്രസ്​റ്റ്​ ഭാരവാഹികള്‍ സ്വന്തമായി വാങ്ങിയ ഭൂമിയില്‍ പ്രതിഷ്ഠ നടത്തുന്നതിനെ എതിർക്കാനാകില്ലെന്നു അവർ വ്യക്തമാക്കിയതോടെ എതിർപ്പുമായി എത്തിയവർ പിൻമാറുകയായിരുന്നു.

തമിഴ്നാട്ടിലെ മയിലാടിയില്‍ നിര്‍മിച്ച അഞ്ജനശിലയിലെ ശനീശ്വരവിഗ്രഹമാണ് പ്രതിഷ്ഠിച്ചത്. തന്ത്രി ചെമ്പകശ്ശേരി പ്രസാദ് വർമ മേല്‍നോട്ടം വഹിച്ചു.

ജനങ്ങളെ ശനിദോഷത്തി​ന്റെ പേരില്‍ ഭയപ്പെടുത്തുന്ന പ്രവണതക്ക്​ വെല്ലുവിളിയായാണ് പ്രതിഷ്ഠയെന്ന്​ അനിലന്‍ നമ്പൂതിരി പറഞ്ഞു. നാല് വയസ്സ്​ മുതല്‍ പൂജ പഠിക്കുന്ന നിരഞ്ജന ലളിതാസഹസ്രനാമവും വിഷ്ണുസഹസ്രനാമവും ക്ഷേത്രത്തില്‍ പാരായണം ചെയ്യുന്നുണ്ട്. ശനീശ്വര സഹസ്രനാമം മനഃപാഠമാക്കിയ നിരഞ്ജന മൂന്നു വര്‍ഷമായി ശനീപൂജയും നടത്തുന്നു. കൊല്ലം ചിതറ പേഴുമൂട് യു.പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെ ഉണ്ടായിരുന്ന ശനീശ്വര വിഗ്രഹം സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതിനുപകരമായി നടത്തിയ പ്രതിഷ്ഠയിലാണ് നിരഞ്ജന മുഖ്യകാർമികത്വം വഹിച്ചത്.