കോവളത്ത് ബിജെപി തകരും ; പക്ഷേ നേമത്തെ ലീഡ് ആ ക്ഷീണം തീർക്കും: ഹിന്ദു സ്ത്രീകൾ പൂർണ്ണമായും തങ്ങൾക്കൊപ്പമെന്ന് ബിജെപി

single-img
14 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന് വിലയിരുത്തൽ. ഹിന്ദു വിഭാഗത്തിലെ വനിതകളുടെ വോട്ട് ഇക്കുറി വന്‍തോതില്‍ ബിജെപിക്കു ലഭിച്ചെന്നാണ് വിലയിരുത്തലിൽ വ്യക്തമാകുന്നത്.

തിരുവനന്തപുരത്ത് നേമം നിയയമസഭാ മണ്ഡലത്തില്‍ കൂറ്റന്‍ ലീഡുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. പാറശ്ശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ പരമ്പരാഗത യുഡിഎഫ് വോട്ടുകളില്‍ നല്ലൊരു പങ്ക് ഇക്കുറി ബിജെപിക്കു ലഭിക്കും. കോവളത്ത് വലിയ നേട്ടം ഉണ്ടാക്കാനായില്ലെങ്കില്‍ക്കൂടി നേമത്തു ലഭിക്കുന്ന വലിയ ലീഡ്് വച്ച് മറികടക്കാനാവുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

ശബരിമല വിഷയം സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരില്‍ വലിയ ചലനം ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഇത്തവണത്തെ ഫലത്തില്‍ നിര്‍ണായകമാവാന്‍ പോവുന്നത്. അദ്ഭുതപ്പെടുത്തുന്ന മുന്നേറ്റമാണ് 23ലെ ഫലപ്രഖ്യാപനത്തില്‍ ബിജെപിക്കുണ്ടാവാന്‍ പോവുന്നതെന്നാണ്, അവലോകന യോഗങ്ങളില്‍ പങ്കെടുത്ത ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും ബിജെപി ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തും കാര്യമായ നേട്ടമുണ്ടാവും. കുമ്മനം രാജശേഖരന്‍ മികച്ച ഭൂരിപക്ഷത്തിനു ജയിക്കുമെന്നാണ് അന്തിമ വിശകലനത്തില്‍ പാര്‍ട്ടിയുടെ നിഗമനം.കൂട്ടത്തോടെയുള്ള വോട്ടു മാറ്റം തെരഞ്ഞെടുപ്പു ഫലത്തില്‍ അപ്രതീക്ഷിതമായ പ്രതിഫലനമുണ്ടാക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

ആറ്റിങ്ങലില്‍ സിപിഎം വോട്ടുകള്‍ വന്‍തോതില്‍ ബിജെപിക്കു ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക ഘടകങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇടതു മുന്നണിക്ക് അപ്രതീക്ഷിത പ്രഹരമാവും. വോട്ടു വിഹിതത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെങ്കിലും ആറ്റിങ്ങലില്‍ പാര്‍ട്ടിക്കു ജയമുണ്ടാവുമെന്ന് യോഗം അവകാശപ്പെട്ടിട്ടില്ല. ഇവിടെ രണ്ടാം സ്ഥാനത്ത് എത്തുന്നതു പോലും വലിയ നേട്ടമാണെന്നാണ് ബിജെ പി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

പത്തനംതിട്ടയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രചാരണ പ്രവര്‍ത്തനമാണ് ബിജെപി കാഴ്ചവച്ചതെന്നാണ് അവലോകന യോഗത്തിലെ വിലയിരുത്തല്‍. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണച്ചിരുന്ന വോട്ടര്‍മാരില്‍ മാറ്റമുണ്ടാക്കാന്‍ ചിട്ടയായ പ്രചാരണത്തിനു കഴിഞ്ഞിട്ടുണ്ട്. കോന്നി പോലെയുള്ള മണ്ഡലങ്ങളില്‍ ഈഴവ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനു ലഭിക്കും. ഇതിനൊപ്പം എന്‍എസ്എസ് വോട്ടുകള്‍ കൂടിയാവുമ്പോള്‍ കെ സുരേന്ദ്രന്റെ ജയം ഉറപ്പാണെന്നാണ് യോഗം കണക്കുകൂട്ടിയത്.