യു.പിയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് സീറ്റ് കുറയുമെന്ന് കേന്ദ്രമന്ത്രി രാം ദാസ് അത്താവലെ; ബിജെപി കേന്ദ്രങ്ങളില്‍ ആശങ്ക

single-img
14 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാഷ്ട്രീയ ക്യാമ്പുകളില്‍ കണക്കുകൂട്ടലുകളും സഖ്യ രൂപീകരണ ചര്‍ച്ചകളും സജീവമാണ്. 2014ല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ മുഴുവന്‍ സീറ്റും മറ്റ് പലയിടത്തും 80 ശതമാനത്തിലധികം സീറ്റും ബി.ജെ.പി നേടിയിരുന്നു.

എന്നാല്‍ ഇത്തവണ പലയിടത്തും രൂപീകരിക്കപ്പെട്ട ബി.ജെ.പി വിരുദ്ധ സഖ്യങ്ങള്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ സജീവമാണ്. യു.പിയിലെ എസ്.പി ബി.എസ്.പി സഖ്യം, ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിനുണ്ടായ വളര്‍ച്ച എന്നിവയെല്ലാം ഇത്തവണ ബി.ജെ.പിയുടെ വിജയത്തിന് മങ്ങലേല്‍പ്പിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതിനിടെ എസ്.പി ബി.എസ്.പി ആര്‍.എല്‍.ഡി കൂട്ടുകെട്ട് വന്നതോടെ 15 സീറ്റ് വരെ യു.പിയില്‍ ബി.ജെ.പിക്ക് നഷ്ടമാകുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് സീറ്റെങ്കിലും ഇത്തവണ ബി.ജെ.പിക്ക് നഷ്ടമാകും.

2014 ല്‍ ബി.ജെ.പി ശിവസേന സഖ്യം 48ല്‍ 42 സീറ്റിലും വിജയിച്ചിരുന്നു. 2014 ല്‍ സ്വാഭിമാനി സേത്കരി പാര്‍ട്ടി ബി.ജെ.പിക്കും ശിവസേനയ്ക്കും ഒപ്പം നിന്നു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യത്തിനൊപ്പമാണ് അവര്‍. എന്നാല്‍ പശ്ചിമബംഗാളിലും ഒഡീഷയിലും വിജയം നേടി ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അത്താവലെ പറഞ്ഞു.

എന്നാല്‍ അത്തേവാലയുടെ പ്രസ്താവനയെ എതിര്‍ത്ത് മഹാരാഷ്ട്ര ബി.ജെ.പി നേതാവ് കേശവ് ഉപാധ്യായ രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ബി.ജെ.പി മികച്ച വിജയം നേടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ രാം മാധവും ബി.ജെ.പിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.