അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെ യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം

single-img
13 May 2019

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി യുഎഇ സര്‍ക്കാരും സ്ഥിരീകരിച്ചു.

ഫുജൈറ തുറമുഖത്തിനു കിഴക്ക് ഉണ്ടായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മേഖലയിലൂടെയുള്ള ചരക്കുനീക്കം അട്ടിമറിക്കാന്‍ ഇറാനോ അവരുമായി ബന്ധമുള്ളവരോ ശ്രമിക്കുമെന്ന അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. രാജ്യാന്തര എണ്ണക്കടത്തിന് ഭീഷണിയാണ് ആക്രമണമെന്ന് സൗദി പ്രതികരിച്ചു.

അതേസമയം, യുഎഇ തുറമുഖത്തിനു സമീപം സ്‌ഫോടനമുണ്ടായതായി ഇറാന്‍, ലെബനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യുഎഇ ഇതു നിഷേധിച്ചു. മേഖലയിലുള്ള അമേരിക്കയുടെ അഞ്ചാം കപ്പല്‍ പടയും ഇതിനോടു പ്രതികരിച്ചിട്ടില്ല. ഇറാനുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് അമേരിക്ക സൈനിക വിന്യാസം നടത്തിയതു മുതല്‍ സംഘര്‍ഷഭരിതമാണ് ഈ മേഖല.