വർണ്ണപ്രപഞ്ചമായി കുടമാറ്റം: ഇലഞ്ഞിത്തറമേളത്തിന്റെ അകമ്പടിയോടെ തൃശൂരിന് പൂരലഹരി

single-img
13 May 2019

കുടമാറ്റത്തിന്റെ വർണ്ണവിസ്മയം തീർത്ത് തൃശൂരിൽ പൂരലഹരി. പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങൾ പരസ്പരം കുടകൾ മത്സരിച്ചുയർത്തിയതോടെ പൂരം അതിന്റെ നിറവിലെത്തി. ശാരീരികാവശതകൾ മൂലം തളർന്നുവീണെങ്കിലും അതെല്ലാം മറന്ന് പെരുവനം കുട്ടൻമാരാർ നയിച്ച ഇലഞ്ഞിത്തറമേളം, പൂരപ്രേമികൾക്ക് ആവേശത്താളമായി.

രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ്‌ കുടമാറ്റം. മുഖാമുഖം നിൽക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങൾ തമ്മിൽ പ്രൗഢഗംഭീരമായ വർണ്ണക്കുടകൾ പരസ്പരം ഉയർത്തി കാണിച്ച് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. വര്‍ണക്കുടകളുമായി പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും മുഖാമുഖം അണിനിരന്നതോടെ തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും വര്‍ണാഭമായ ചടങ്ങുകള്‍ക്ക് തുടക്കമായി.

പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ കുട്ടൻമാരാർ തളർന്നു വീണിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാ‌ഥമിക ചികിത്സ നൽകി. പക്ഷേ, എല്ലാ കൊല്ലവും മുടക്കാതെ വടക്കുന്നാഥന്‍റെ മുന്നിൽ കൊട്ടുന്ന പതിവ് അവശത മൂലം വേണ്ടെന്ന് വയ്ക്കാൻ കുട്ടൻമാരാർ തയ്യാറായിരുന്നില്ല.

ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ്  ഉച്ചയ്ക്കു ശേഷം അരങ്ങേറിയ ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തില്‍ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം.

നാളെ പുലർച്ചെ ആകാശത്ത് വർണവിസ്മയം തീർത്ത് പൂരവെടിക്കെട്ട് നടക്കും. പിന്നീട് പകൽപ്പൂരമാണ്. അതിന് ശേഷം തിരുവമ്പാടി – പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് അങ്ങനെ അവസാനമായി.

കനത്ത സുരക്ഷയിലാണ് ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ചടങ്ങുകൾ നടത്തിയത്. നഗരത്തില്‍ സിസിടിവി ക്യാമറകള്‍ കൂടുതലായി സ്ഥാപിച്ചു. ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തി. ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്‍റെ അളവ് എത്രയെന്ന് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടര്‍ക്ക് നല്‍കാന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 3500-ഓളം ഉദ്യോഗസ്ഥരാണ് പൂരത്തിന് സുരക്ഷയേർപ്പെടുത്താൻ എത്തിയത്. കേന്ദ്രസേനയുൾപ്പടെ സുരക്ഷയ്ക്ക് മേൽനോട്ടം വഹിച്ചു.